സുരേഷ് ഗോപി ആവശ്യപ്പെട്ടില്ല; സല്യൂട്ട് നൽകി പൊലീസ് ഉദ്യോഗസ്ഥൻ
text_fieldsകൊച്ചി: വിവാദങ്ങൾക്കിടെ ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിക്ക് സല്യൂട്ട് നൽകി പൊലീസ് ഉദ്യോഗസ്ഥൻ. ചേരാനല്ലൂരിൽ പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു സ്ഥലം എസ്.ഐ സല്യൂട്ട് നൽകിയത്.
പരിപാടിയിൽ പങ്കെടുത്ത ശേഷം വാഹനത്തിൽ കയറിയ സുരേഷ് ഗോപിയുടെ അടുത്തെത്തിയാണ് എസ്.ഐ സല്യൂട്ട് നൽകിയത്. സല്യൂട്ട് നൽകിയ എസ്.ഐയെ അടുത്തുവിളിച്ച എം.പി കുശലം പറയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
എം.പിയായ തന്നെ സല്യൂട്ട് നൽകി പൊലീസ് ബഹുമാനിക്കുന്നില്ല എന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പരാതിപ്പെട്ടത്. തൃശൂർ ഒല്ലൂരിലെ പരിപാടിക്കിടെ ജീപ്പിലിരുന്ന എസ്.ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുകയും ചെയ്തു. ചുഴലിക്കാറ്റിൽ നാശം സംഭവിച്ച പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം.
എം.പിയുടെ സന്ദർശനത്തിെൻറ ഭാഗമായി സുരക്ഷ ഒരുക്കാനാണ് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയത്. എം.പി എത്തിയിട്ടും ജീപ്പിലിരുന്ന എസ്.ഐയെ അദ്ദേഹം വിളിച്ചുവരുത്തി 'ഞാൻ മേയറല്ല, രാജ്യസഭാംഗമാണ്' എന്ന് ഓര്മിപ്പിക്കുകയും 'ഒരു സല്യൂട്ടൊക്കെ ആകാമെ'ന്ന് പറയുകയുമായിരുന്നു. എസ്.ഐ സല്യൂട്ട് നൽകുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. എം.പിയുടെ നടപടിക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു.
ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച സംഭവത്തിൽ സുരേഷ് ഗോപി എം.പിക്കെതിരെ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തു. പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. പൊലീസ് മാന്വൽ അനുസരിച്ച് എം.പി, എം.എൽ.എമാർ സല്യൂട്ടിന് അർഹരല്ലെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.