തേങ്ങക്ക് ഇനി സുരേഷ് ഗോപിയുടെ 'കാവൽ'
text_fieldsപുതിയ സിനിമയായ 'കാവലി'ന്‍റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കവേ, നടനും എം.പിയുമായ സുരേഷ് ഗോപിക്ക് തേങ്ങയുടെ 'കാവൽ' നൽകി കേന്ദ്രം. കേന്ദ്ര നാളികേര വികസന ബോർഡിലേക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിൽ നിന്ന് എതിരില്ലാതെ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ വി.എസ്.പി സിങ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ യോഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിച്ചപ്പോള്‍ സുരേഷ്‌ഗോപി മന്ത്രിസഭയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കിയത്. അതേസമയം, ഇതിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തി. കോക്കനട്ട് ഡെവലപ്പ്‌മെന്‍റ് ബോര്‍ഡിനെ കാവിവത്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടമെന്നും കെ. സുധാകരന്‍ ആരോപിച്ചു. അതിനിടെ, സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്‍റെ നിയോഗം ഉപകാരപ്പെടുമെന്ന് സുരേന്ദ്രൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-
കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.