ഫാത്തിമ തഹ് ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; ആലോചിക്കാൻ പോലുമാവില്ലെന്ന് മറുപടി
text_fieldsകോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കിയ അഡ്വ. ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം. സുരേഷ് ഗോപി എം.പിയാണ് ഫോണിൽ വിളിച്ച് ഫാത്തിമയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
എന്നാൽ, ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് ഫാത്തിമ തഹ് ലിയ മറുപടി നൽകി. മുസ് ലിം ലീഗ് വിട്ട് മറ്റൊരു പാർട്ടിയിൽ ചേരാൻ ഒരുക്കമല്ല. അത്തരമൊരു ആലോചന പോലും നടക്കുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി.
തുടർന്ന് സംസാരിച്ച സുരേഷ് ഗോപി, ബി.ജെ.പിയിൽ ചേരുന്നില്ലെങ്കിൽ പോലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാൻ മടിക്കരുതെന്നും ഫാത്തിമയോട് വ്യക്തമാക്കി.
എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ് പി.കെ നവാസ് അശ്ലീല പരാമർശം നടത്തിയെന്ന് കാണിച്ച് പരാതി നൽകിയ ഹരിത ഭാരവാഹികളെ പിന്തുണച്ചു കൊണ്ട് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു. കൂടാതെ, ഹരിത നേതാക്കളെ പിന്തുണച്ച് വാർത്താ സമ്മേളനം നടത്തുകയും ചെയ്തു.
ഇതേ തുടർന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചു കൊണ്ട് ഫാത്തിമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
'മുസ്ലിം ലീഗിന്‍റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്.' - ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.