സുരേഷ് ഗോപി: ജനവിധിയിലൂടെ മന്ത്രിപദവിയിലേക്ക്; കേരള ബി.ജെ.പിയിൽ ഇതാദ്യം
text_fieldsതിരുവനന്തപുരം: ജനവിധിയിലൂടെ കേരളത്തിൽനിന്ന് കേന്ദ്രമന്ത്രിസഭയിലെത്തുന്ന ആദ്യ ബി.ജെ.പി നേതാവെന്ന സവിശേഷതയാണ് സുരേഷ് ഗോപി സ്വന്തമാക്കുന്നത്. വാജ്പേയി സർക്കാറിലും ഒന്നും രണ്ടും മോദി സർക്കാറുകളിലും മലയാളികൾ മന്ത്രിസഭയിലുണ്ടായിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്ന് രാജ്യസഭ വഴിയുള്ള സ്ഥാനലബ്ധിയായിരുന്നു അതെല്ലാം.
പി.സി. തോമസിന്റേതാകട്ടെ ഘടകകക്ഷി പരിഗണനയിലും. ബി.ജെ.പിക്ക് ബാലികേറാമലയായ കേരളത്തിൽനിന്നുള്ള വിജയവും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധവുമാണ് മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിക്ക് വഴി എളുപ്പമാക്കിയത്. കേരളത്തിലെ ബി.ജെ.പി രാഷ്ട്രീയത്തിലും സംഘടനയുടെ അനൗദ്യോഗിക അധികാര ഘടനയിലുമടക്കം വലിയ മാറ്റങ്ങൾക്കാണ് ഇനി വഴി തുറക്കുക.
രണ്ട് കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളുമടക്കം മത്സരിച്ച തെരഞ്ഞെടുപ്പിൽ തൃശൂരിൽ മാത്രമാണ് നേട്ടമുണ്ടാക്കാനായത് എന്നതിനാൽ സുരേഷ് ഗോപിക്കാകും പാർട്ടിയിൽ ഇനി മേൽക്കൈ. ബി.ജെ.പി സംസ്ഥാനഘടകമല്ല, കേന്ദ്രനേതൃത്വം മുന്നോട്ടുവെച്ച സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി.
കേരളത്തിൽനിന്ന് എൻ.ഡി.എ മന്ത്രിസഭയിലെത്തുന്ന ആദ്യ മലയാളി ഒ. രാജഗോപാലാണ്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്ന അദ്ദേഹം 1998 ൽ വാജ്പേയി സർക്കാറിലാണ് റെയിൽവേ സഹമന്ത്രിയായത്. 2003-2004 കാലത്ത് പി.സി. തോമസ് എൻ.ഡി.എ മന്ത്രിസഭയിൽ നിയമകാര്യ സഹമന്ത്രിയായിരുന്നെങ്കിലും മത്സരിച്ച് ജയിച്ചത് കേരള കോൺഗ്രസ് സീറ്റിലായിരുന്നു.
കേരള കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് 2003ൽ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐ.എഫ്.ഡി.പി) രൂപവത്കരിക്കുകയും എൻ.ഡി.എക്ക് പിന്തുണ നൽകുകയും ചെയ്തതുവഴിയാണ് മന്ത്രിസഭയിലെത്തിയത്.
ഒന്നാം മോദി സർക്കാറിൽ ടൂറിസം സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗായിരുന്നു. രണ്ടാം മോദി സർക്കാറിൽ വിദേശ സഹമന്ത്രിയായി വി. മുരളീധരൻ എത്തിയും മഹാരാഷ്ട്ര വഴി രാജ്യസഭയിലൂടെയാണ്.
കോട്ടയത്തുകാരനായ അഞ്ചാമത്തെ കേന്ദ്രമന്ത്രി
കോട്ടയം: അഡ്വ. ജോർജ് കുര്യൻ കോട്ടയത്തുകാരനായ അഞ്ചാമത്തെ കേന്ദ്രമന്ത്രി. മുൻ പ്രസിഡന്റ് കെ.ആർ. നാരായണൻ, എം.എം. ജേക്കബ്, പി.സി. തോമസ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണ് ജോർജ് കുര്യന്റെ മുൻഗാമികളായ കോട്ടയത്തുകാർ. ഇവരെല്ലാം സഹമന്ത്രിമാരായിരുന്നു. ഉഴവൂർ സ്വദേശിയായ കെ.ആർ. നാരായണൻ ഒറ്റപ്പാലത്തുനിന്നാണ് മത്സരിച്ച് ജയിച്ചത്. തുടർന്ന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായി.
പാലാ രാമപുരം സ്വദേശിയായ എം.എം. ജേക്കബ് മൂന്നുതവണ കേന്ദ്ര സഹമന്ത്രിയായിരുന്നു (1986 മുതൽ 1993 വരെ). രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രിയും ജലവിഭവത്തിന്റെ സ്വതന്ത്രചുമതലയും വഹിച്ചു. നരസിംഹ റാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായി.
കാഞ്ഞിരപ്പള്ളി സ്വദേശിയായ പി.സി. തോമസ് മൂവാറ്റുപുഴ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലെത്തിയത്. തുടർന്ന് വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായി. അൽഫോൻസ് കണ്ണന്താനം ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.