സുരേഷ് ഗോപിയെ കായികമേളക്ക് ക്ഷണിക്കില്ല; കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയം-ശിവൻകുട്ടി
text_fieldsഎറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും ഒറ്റ തന്ത പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി പരിഹസിച്ചു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം. ഒരു പാട് ചരിത്ര സംഭവങ്ങൾ കേരള രാഷ്ട്രീയത്തിൽ നടന്നിട്ടുണ്ട്. ഒറ്റ തന്ത പ്രയോഗം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്.
നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളക്ക് കൊച്ചിയില്‍ തുടക്കമാകുക. 2000ത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളക്കുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. പി.ആര്‍. ശ്രീജേഷ് ആണ് സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.