ഡോ.ഷഹനയുടെ മരണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥിനി ഡോ. ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനമെന്നും സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കുറിപ്പിന്‍റെ പൂർണരൂപം താഴെ
ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ.
നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി,
സ്ത്രീധന സമ്പ്രദായം ഒടുങ്ങണം.
സ്ത്രീ തന്നെ ആണ് ധനം..
സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം.
Dr Shahana ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ.
SAY NO TO DOWRY AND SAVE YOUR SONS
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനിയായ ഷഹനയെ തിങ്കളാഴ്ച രാത്രിയാണ് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്. പ്രയാസങ്ങളെല്ലാം ആത്മഹത്യകുറിപ്പിൽ എഴുതിയാണ് ഡോക്ടർ ഷഹന ജീവനൊടുക്കിയത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യകുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല.
സ്ത്രീധനത്തിൻറെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്ന് മെഡിക്കൽ കോളേജ് പൊലീസിനോടും വനിതാ കമ്മീഷൻ അധ്യക്ഷയോടും ബന്ധുക്കൾ അറിയിച്ചു.
സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബിഎംഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹനയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇത് ഷഹനയെ മാനസികമായി തളർത്തിയെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഡോ. റുവൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വെച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത റുവൈസിനെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണകുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. തുടർന്ന് റിമാൻഡ് ചെയ്തേക്കും. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുന്നത് സംബന്ധിച്ച് പിന്നീട് വിശദമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.