‘പിണറായി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു; വിജയേട്ടാ എനിക്കത് പറ്റില്ലെന്ന് മറുപടി നല്‍കി’
text_fieldsകൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയത്. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോള്‍ കാണുന്നതുപോലൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം പിന്നീട് ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ പൂര്‍വ വിദ്യാര്‍ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഡര്‍ കെ.കരുണാകരന്‍റെയും സഖാവ് ഇ.കെ നായനാരുടെയും നല്ല മകനായിരുന്നുവെന്നു താൻ. ജീവിച്ചിരിക്കുന്നതിൽ ടീച്ചര്‍ അത് പറയാൻ സാക്ഷിയാണ്. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രീയത്തിൽ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എൻകെ പ്രേമചന്ദ്രനെയും നൗഷാദിനെയും ചൂണ്ടികാണിച്ച് സുരേഷ് ഗോപി പറഞ്ഞു.
പല നേതാക്കളും രാഷ്ട്രീയത്തിൽ പ്രവേശിക്കാനായി ആവശ്യപ്പെട്ട് വന്നിരുന്നു. പിണറായി വിജയനും തന്നെ ക്ഷണിച്ചിട്ടുണ്ട്. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ. പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. പക്ഷേ, വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായി.
2014 ആഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുണക്കാൻ ശ്രമിച്ചെങ്കിലും അവര്‍ക്ക് സാധിച്ചില്ല. ഭൂമി ദേവിക്ക് വേണ്ടിയാണ് താൻ പൊരുതിയത്. അതിനുവേണ്ടി പറഞ്ഞൊരു വാചകത്തിൽ കടിച്ചു തൂങ്ങിയാണ് എന്‍റെ വീടിന് മുകളിൽ വന്ന് മൈക്ക് വെച്ച് തന്‍റെ മാതാപിതാക്കള്‍ക്കെതിരെ സംസാരിച്ചത്.
മാതാവിന് കിരീടം വെച്ചത് തന്‍റെ പ്രാർത്ഥനയാണെന്നും അവിടെയും തന്നെ ചവിട്ടി തേച്ചുവെന്നും രാവിലെ തൃശൂരിലെ ഇൻഫന്‍റ് ജീസസ് സ്കൂളിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞിരുന്നു. പാവങ്ങളുടെ പണം തട്ടിയെടുത്ത് ചോരയൂറ്റി കുടിച്ചത് ചോദ്യം ചെയ്തു. അതിലാണ് താൻ വിജയിച്ചത്. ഇപ്പോൾ ഒന്ന് ജയിച്ചപ്പോഴേക്കും അതിന്‍റെ ഘടകങ്ങൾ പരിശോധിക്കാതെ പൂരം കലക്കിയോ ആനക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്. സമൂഹത്തിൽ പിച്ചി ചീന്തപ്പെട്ടു. പക്ഷേ അവിടെനിന്നും സമൂഹം തന്നെ ഉയർത്തിക്കൊണ്ട് വന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.