സുരേഷ് ഗോപിയെ അയോഗ്യനാക്കണം -ആർ.ജെ.ഡി
text_fieldsകോഴിക്കോട്: കൊടകര കുഴൽപണ കേസിലെ സാക്ഷിയും ബി.ജെ.പി പ്രവർത്തകനുമായ ധർമജൻ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ 40 ലക്ഷം രൂപയാണ് സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് ചെലവഴിക്കാനാവുക എന്നിരിക്കെ സുരേഷ് ഗോപിക്കുമാത്രം നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കുഴൽപണമായി 6.60 കോടി രൂപ നൽകിയെന്നാണ് ധർമജൻ കേസിൽ മൊഴിനൽകിയത്. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്നും സലീം പറഞ്ഞു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണർ വി.കെ. രാജു ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
കൊടകര കുഴൽപണ കേസിന്റെ കുറ്റപത്രത്തിൽ തന്നെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ അയച്ച റിപ്പോർട്ട് ലഭിച്ചെന്ന് ഇ.ഡി ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഒരേദിവസം അയച്ച റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇത് കള്ളമാണ്. ഇ.ഡിയും ആദായ നികുതി വകുപ്പും ബി.ജെ.പിയുടെ പോഷക സംഘടനകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.