പൂരം പ്രശ്‌നപരിഹാരത്തിന് സുരേഷ് ഗോപിയെ വിളിച്ചിട്ടില്ല, പി.എ എന്നു പറയുന്ന ആൾ ഇങ്ങോട്ടു വിളിച്ചു -തിരുവമ്പാടി ദേവസ്വം
text_fieldsതൃശൂർ: തൃശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്. തെറ്റായ വിവരമാണ് സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ പറഞ്ഞതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തിരുവമ്പാടി ദേവസ്വത്തിൽനിന്ന് തന്നെ വിളിച്ചതനുസരിച്ചാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായിട്ടും രാത്രി വൈകി സേവാഭാരതിയുടെ ആംബുലൻസിൽ ചർച്ചക്ക് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം സെക്രട്ടറി.
‘സുരേഷ് ഗോപിയുടെ പി.എ എന്നു പറയുന്ന ആൾ വിളിച്ചെന്നും സുരേഷ് ഗോപിക്ക് സംസാരിക്കാൻ ഫോൺ കൊടുക്കുകയാണെന്നും പറഞ്ഞു. ഗ്രൂപ് കോൾ ആയതുകൊണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞാണ് സുരേഷ് ഗോപി ഫോൺ എടുത്തത്. തുടർന്ന് സംസാരിച്ചു. കാര്യങ്ങൾ പറഞ്ഞു. അതിനെ അദ്ദേഹം വേറൊരുതരത്തിൽ വ്യാഖ്യാനിക്കാൻ പാടില്ലായിരുന്നു. പൂരം രാഷ്ട്രീയവത്കരിക്കാൻ ആരും തുനിയരുത്. തൃശൂർ പൂരം എല്ലാ രാഷ്‌ട്രീയ പാർട്ടികളുടേതും എല്ലാ ജനങ്ങളുടേതുമാണ്. ജാതി-മത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന വലിയ ഉത്സവമാണ്. ആ ഉത്സവത്തിലേക്ക് രാഷ്‌ട്രീയം കലർത്തരുത്’ -ഗിരീഷ് പറഞ്ഞു.
പൂരം തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാജനും നന്ദി അറിയിക്കുന്നതായും ഗിരീഷ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അദ്ദേഹം മണിക്കൂറുകൾക്കകം പരിഹാരമുണ്ടാക്കി. പൂരത്തിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രി കെ. രാജനും അതിജാഗ്രതയോടെയാണ് ഇടപെട്ടതെന്നും ഗിരീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.