സുരേഷ്‌ഗോപി ബി.ജെ.പി കോർ കമ്മിറ്റിയിലേക്ക്; കീഴ്‍വഴക്കം മറികടന്നുള്ള നടപടി
text_fieldsതിരുവനന്തപുരം: മുൻ എം.പിയും നടനുമായ സുരേഷ്‌ഗോപി ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിലേക്ക്. കേന്ദ്ര നിർദേശ പ്രകാരമാണ് താരത്തെ ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ഉൾപ്പെടുത്തിയത്. നിലവിലെ കീഴ്‍വഴക്കം മറികടന്നാണ് സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർകമ്മിറ്റിയിൽ വരുന്നതായിരുന്നു പാര്‍ട്ടിയിലെ പതിവ് രീതി. ഇതാണ് സുരേഷ് ഗോപിക്ക് വേണ്ടി മാറിയിരിക്കുന്നത്.
നേരത്തെ പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെയും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. നടനെ സംസ്ഥാന നേതൃത്വത്തിലെത്തിക്കണമെന്ന് ദേശീയ നേതൃത്വത്തിന് ഏറെ താൽപര്യമുണ്ടായിരുന്നു. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ കേരളത്തിലെത്തി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന ഘടകത്തിന്‍റെ പ്രവർത്തനത്തിൽ ദേശീയ നേതൃത്വത്തിന് പൂർണ തൃപ്തിയില്ല.
നടനെന്ന നിലയിൽ സുരേഷ് ഗോപിക്കുള്ള ജനപ്രിയത ബി.ജെ.പിക്ക് നല്ലതാകുമെന്നാണ് ദേശീയ നേതൃത്വം കണക്കാക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനങ്ങളിലും നീക്കങ്ങളിലും സുതാര്യത കൊണ്ടുവരാനും കഴിയുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ഉയർന്ന തലമാണ് കോര്‍ കമ്മിറ്റി. ഇതുവരെ പാർട്ടിയുടെ മറ്റ് പദവികളൊന്നും വഹിക്കാത്ത നേതാവ് ആദ്യമായാണ് നേരിട്ട് കോർ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.