‘എനിക്ക് സിനിമ ചെയ്തേ മതിയാകൂ, എന്നെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ’ -സഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സുരേഷ് ഗോപി
text_fieldsന്യൂഡൽഹി: ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കും. തനിക്ക് സിനിമ ചെയ്തേ മതിയാകൂ എന്നും താമസിയാതെ തന്നെ ഒഴിവാക്കുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സത്യപ്രതിജ്ഞക്ക് ശേഷം പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
സുരേഷ് ഗോപിയുടെ വാക്കുകൾ: ‘ഒരു എം.പി എന്ന നിലക്ക് പ്രവർത്തിക്കുകയാണ് ഉദ്ദേശ്യം. ഞാനൊന്നും ആവശ്യപ്പെട്ടതല്ല. എനിക്കിത് വേണ്ട എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്, താമസിയാതെ റിലീവ് ചെയ്യും. തൃശൂരുകാർക്ക് എം.പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. അവർ തീരുമാനിക്കട്ടെ...’ -മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും വിളി വന്നതോടെ ഞായറാഴ്ച ഉച്ചക്കാണ് സുരേഷ് ഗോപി ഡൽഹിയിലേക്ക് പോയത്. തൃശൂരിലെ വിജയത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ, കേരളത്തിന്‍റെ സമഗ്രവികസനത്തിന് 10 വകുപ്പുകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളാകണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.