തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, അദ്ദേഹം രാഷ്ട്രീയക്കാരനല്ലാത്തതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ട് -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ യാതൊരു സാധ്യതയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല, സിനിമാക്കാരനാണ്. രാഷ്ട്രീയക്കാരന്റെ അടവുകളോ മെയ്‍വഴക്കമോ ഇല്ലാത്തതതിന്റെ എല്ലാ കുഴപ്പങ്ങളും അവിടെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിക്കുകയായിരുന്നു. ന്യൂനപക്ഷ പ്രീണനവും ഭുരിപക്ഷത്തോട് കാണിക്കുന്ന അവഗണനയും ഇത്തവണത്തെ വോട്ടിൽ പ്രതിഫലിക്കും. ഭൂരിപക്ഷ സമുദായത്തിന്റേതായ വികാരം വിദ്വേഷമായി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കാണും. തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ടെന്നാണ് ഞാൻ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകൾ മുഴുവനായി കിട്ടാൻ ഒരു സാധ്യതയുമില്ല. മുന്നണി നിർദേശം പാലിച്ചാണ് തുഷാർ മത്സരത്തിനിറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിന് മുൻതൂക്കമുണ്ട്. എന്നാൽ, കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ല. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടിയാൽ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. ശോഭക്ക് വോട്ട് കുറഞ്ഞാൽ അതിന്റെ ഗുണം വേണുഗോപാലിന് കിട്ടും. മുമ്പ് ബി.ജെ.പി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇ.പി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നു. ഇ.പി. ജയരാജൻ സീനിയർ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണാറുണ്ട്. എന്നാൽ, കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാർട്ടിയിൽ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കിൽ തെറ്റില്ല. എന്നാൽ, പാർട്ടിയിൽ അത് പറഞ്ഞിട്ടില്ലെങ്കിൽ പാർട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണ്. ജയരാജൻ എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ രണ്ടടി പിന്നോട്ടാണ്. അത്ര ശക്തമായ നിലപാടൊന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോർട്ട് വിവാദമായിരിക്കാം. പക്ഷേ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താനില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.