തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ജയിക്കില്ല -എം.വി.ഗോവിന്ദൻ
text_fieldsതൃശ്ശൂര്‍: ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്.
ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സി.പി.എം. ശ്രമം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സി.പി.എം. ശ്രമിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതുപോലെ ക്രിസ്ത്യാനികളുടെ പിന്തുണയോടെ കേരളത്തിലും അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി നൂറോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കാന്‍ തയ്യാറാകണം. രാജ്യത്തെങ്ങും വര്‍ധിച്ചുവരുന്ന, ക്രിസത്യാനികള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നുമാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്
പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയാണ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. മതപരിവര്‍ത്തനത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രിസ്ത്യാനികളെ സംഘപരിവാര്‍ വേട്ടയാടുന്നത്. സൂക്ഷമമായി പരിശോധിച്ചാല്‍ 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.