സുരേഷ് ഗോപിയുടെ പ്രചാരണ കുടിശ്ശിക നൽകിയില്ല; കരാറുകാർ വീണ്ടും ബി.ജെ.പിക്കെതിരെ
text_fieldsതൃശൂർ: വാടക കുടിശ്ശിക നൽകാത്തതിനും ഉറപ്പുകൾ പാലിക്കാത്തതിനുമെതിരെ ബി.ജെ.പി നേതാവ് നടത്തുന്ന ഹോട്ടലിലേക്ക് ശനിയാഴ്ച പ്രതിഷേധ ധർണ നടത്താൻ തിരുവമ്പാടി ദേവസ്വം തീരുമാനം. ദേവസ്വത്തിെൻറ ഉടമസ്ഥതയിലുള്ള തിരുവമ്പാടി കൺവെൻഷൻ സെൻററിനോട് ചേർന്ന് പ്രവർത്തിക്കുന്ന വൃന്ദാവൻ ഹോട്ടലിലേക്കാണ് സമരം നടത്തുക.
ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നിയോജമകണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ടി.എസ്. ഉല്ലാസ് ബാബുവാണ് ഹോട്ടൽ വാടകക്കെടുത്തിരുന്നത്. വാടക കുടിശ്ശികയായതിനെ തുടർന്ന് നിരവധി തവണ ദേവസ്വം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. ഇത് പിന്നീട് കോടതിയിലെത്തുകയും ചെയ്തു.
കോടതി വിധിച്ചിട്ടും വാടക നൽകാൻ തയാറായില്ല. നിരവധി തവണ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിവിധ മേഖലകളിലുള്ളവർ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ലത്രെ. അനുനയ ശ്രമങ്ങൾ പരാജയപ്പെടുകയും ദേവസ്വത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധത്തിനുള്ള തീരുമാനം. ശനിയാഴ്ച രാവിലെ 11ന് ഹോട്ടലിന് മുന്നിൽ ധർണയും രാവിലെ 10.30ന് തിരുവമ്പാടി ദേവസ്വം ഓഫിസിന് മുന്നിൽനിന്നു തട്ടകക്കാരുടെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയ ഇനത്തിൽ ഫ്ലക്സ്, പോസ്റ്ററുകൾ തുടങ്ങിയ പ്രവൃത്തികൾ നടത്തിയ വകയിൽ ലഭിക്കാനുള്ള ലക്ഷങ്ങൾ ഇതുവരെ ലഭിച്ചില്ലെന്ന പരാതിയുമായി കരാറുകാർ വീണ്ടുമെത്തിയിട്ടുണ്ട്. പരാതി ഉയർന്നതോടെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെ കമീഷനായി നിയോഗിച്ച് അന്വേഷണത്തിന് നിർദേശിച്ചിരുന്നു.
കരാറുകാരിൽനിന്ന് ബില്ലുകൾ വാങ്ങുകയും വിവരങ്ങൾ തേടുകയും ചെയ്തുവെങ്കിലും പണം നൽകാൻ നടപടി ഉണ്ടായിട്ടില്ല. അവരും അടുത്ത ദിവസം പ്രതിഷേധവുമായി ബി.ജെ.പി ആസ്ഥാനത്തേക്ക് വരാനിരിക്കുകയാണെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.