സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; അറസ്റ്റ് വേണ്ടെന്ന് പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു
text_fieldsകോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം 41സി പ്രകാരമുള്ള നോട്ടീസ് നൽകി നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ വിട്ടയച്ചു. അറസ്റ്റ് വേണ്ടെന്ന് പൊലീസ് അറിയിച്ചു.
11.50ന് പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയെ 12.15ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുള്ള പ്രത്യേക മുറിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ബിനു മോഹൻ, ഡി.സി.പി കെ.ഇ. ബൈജു, എ.സി.പി ബിജുരാജ്, സി.ഐ ജിജേഷ് അടക്കമുള്ളവർ ചോദ്യം ചെയ്യലിന് മേൽനോട്ടം വഹിച്ചു.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്റിനെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.
തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.