സുരേഷ് ഗോപിയുടെ പ്രസ്താവന വ്യക്തിപരം, ബി.ജെ.പി വോട്ട് തരാമെന്ന് പറഞ്ഞിട്ടില്ല -കെ.എൻ.എ ഖാദർ
text_fieldsതൃശൂർ: ഗുരുവായൂർ മണ്ഡലത്തിൽ താൻ ജയിക്കണമെന്ന സുരേഷ് ഗോപി എം.പിയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്ന് മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. ബി.ജെ.പി വോട്ട് തരാമെന്ന് അവർ അറിയിച്ചിട്ടില്ല. സ്വീകരിക്കാമെന്ന് ഞങ്ങളും പറഞ്ഞിട്ടില്ല. അതെല്ലാം സി.പി.എമ്മിന്‍റെ ആരോപണങ്ങൾ മാത്രമാണ്. അതേസമയം സി.പി.എമ്മുകാർ വോട്ട് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. അതിന്‍റെ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.
'ഗുരുവായൂർ മണ്ഡലം 15 വർഷമായി ഇടത് മുന്നണിയുടെ കൈവശമായതിനാൽ വികസനത്തിന്‍റെ കാര്യത്തിൽ മുരടിപ്പാണ്. അവരെ ജനങ്ങൾക്ക് മടുത്തിട്ടുണ്ട്. മൂന്ന് പ്രാവശ്യവും ഒരാളായിരുന്നു. അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ല.
സാമുദായികമായി നോക്കുേമ്പാൾ ഹൈന്ദവ സഹോദരൻമാരുടെ വോട്ടുകൾ തനിക്ക് കൂടുതൽ ലഭിച്ചിട്ടുണ്ടാകും. അതിനെ ഏതെങ്കിലും പാർട്ടിയുടെ അടിസ്ഥാനത്തിൽ കാണേണ്ടതില്ല. ദേവസ്വം ബില്ലടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് േവങ്ങരയിലെ ജനപ്രതിനിധിയായപ്പോൾ തന്നെ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. അവയെല്ലാം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്.
ഭാരതീയ സംസ്കാരം, ദേവസ്വം, ക്ഷേത്ര ജീവനക്കാർ, അവിശ്വാസികളായ കമ്യൂണിസ്റ്റുകൾ ആരാധനാലയങ്ങൾ ഭരിക്കുന്നത് എന്നിവയെ കുറിച്ചല്ലാം താൻ മുമ്പും പറഞ്ഞിട്ടുണ്ട്. മുസ്ലിംകളും ക്രിസ്ത്യാനികളും അവരവരുടെ ആരാധനാലയങ്ങൾ നിയന്ത്രിക്കുന്നത് പോലെ ക്ഷേത്ര ഭരണവും ഹൈന്ദവരാണ് തീരുമാനിക്കേണ്ടത്. അതിൽ സർക്കാറിന് യാതൊരു അവകാശവുമില്ലെന്നാണ് തന്‍റെ നേരത്തെ തന്നെയുള്ള നിലപാട്' -കെ.എൻ.എ ഖാദർ കൂട്ടിച്ചേർത്തു.
ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ജയിക്കണമെന്നും തലശ്ശേരിയിൽ ഇടത് സ്ഥാനാർഥി എ.എൻ. ഷംസീർ തോൽക്കണമെന്നുമായിരുന്നു തൃശൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ്ഗോപി പറഞ്ഞത്. ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ നടന്ന വോട്ട് കച്ചവടത്തിെൻറ പരസ്യപ്പെടുത്തലാണ് ഇതിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.