സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഉദ്ഘാടനമാണെന്ന് എ. വിജയരാഘവൻ
text_fieldsതൃശൂർ: വിഷുകൈനീട്ട വിതരണ വിവാദത്തിൽ സുരേഷ് ഗോപിക്കും ബി.ജെ.പിക്കുമെതിരെ വിമർശനം ശക്തമാക്കി സി.പി.എം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ് സുരേഷ്ഗോപിയും ബി.ജെ.പിയും നടത്തുന്നതെന്നും അതിന്‍റെ ഉദ്ഘാടനമാണ് വിഷുക്കൈനീട്ട വിതരണമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് വിഷുക്കൈനീട്ടം പരിപാടി. ക്ഷേത്രങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. കൈനീട്ടം വാങ്ങുന്നവർ കാല് പിടിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. എന്തിനെയും ഹിന്ദുത്വത്തിന്‍റെ പേരിലാണ് ബി.ജെ.പി ന്യായീകരിക്കുന്നത്. കുഴല്‍പണത്തെയും ന്യായീകരിച്ചതും ഹിന്ദുത്വത്തിന്‍റെ പേരിലാണ്. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നത്.
സുരേഷ്ഗോപി ബി.ജെ.പി നേതാവും പാർലമെന്‍റ് അംഗവുമാണ്. പാർലമെന്‍റിലും ബി.ജെ.പിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് അദ്ദേഹം എടുത്തത്. ബി.ജെ.പിക്കാർ പല തരത്തിലും പ്രചാരണം നടത്താറുണ്ട്. എന്നാൽ അതുപോലെയല്ല സുരേഷ്ഗോപി ചെയ്തത്. ഇത് തിരക്കഥയാണ്. കഥാപാത്രമായി തിരക്കഥക്കനുസരിച്ച് അഭിനയിക്കുകയാണ് സുരേഷ്ഗോപി. ആചാരത്തെ കൂട്ടിയിണക്കേണ്ടതില്ല. ജനവിരുദ്ധ പ്രവൃത്തികളെ എതിർക്കുമ്പോൾ ഹിന്ദുവിരുദ്ധതയും ആചാരവുമെന്ന് പറഞ്ഞ് വരികയാണ് ബി.ജെ.പിയെന്നും വിജയരാഘവൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.