'സുരേഷ്കുമാറിന് പിഴയിട്ടതിന് വിവാദങ്ങളുമായി ബന്ധമില്ല'
text_fieldsതൃശൂർ: കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് എം.ജി. സുരേഷ് കുമാറിന് പിഴ ചുമത്തിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയിലെ ഇപ്പോഴത്തെ വിവാദങ്ങളുമായി അതിന് ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ഇ.ബിയുടെ വാഹനം ഉപയോഗിച്ചെന്ന് കാണിച്ച് 6,72,560 രൂപയാണ് പിഴയിട്ടത്. ചെയര്മാന് ബി. അശോകാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. എം.എം. മണി വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെ.എസ്.ഇ.ബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. പിഴയിട്ടത് പരിശോധിക്കും. ഐ.എൻ.ടി.യു.സിക്കാരനായ ഒരാൾ വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ആ രേഖ പ്രകാരം അയാൾ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് റിപ്പോർട്ട് അനുസരിച്ചാണ് പിഴയിട്ടത്. സർക്കാർ വാഹനത്തിന്റെ ഉപയോഗം പരിശോധിക്കുന്നത് തെറ്റല്ല. മന്ത്രിയായാലും എം.എൽ.എ ആയാലും ചെയർമാനായാലും ചട്ടം അനുസരിച്ചേ പ്രവർത്തിക്കാനാകൂ.
കെ.എസ്.ഇ.ബിയിൽ മുമ്പും തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും അതൊക്കെ ചർച്ച ചെയ്താണ് പരിഹരിച്ചതെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ സംഘടനകളുമായി സംസാരിച്ചു. തൊഴിലാളികൾക്കും മാനേജ്മെൻറിനും ദോഷമില്ലാത്ത വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രതികാര നടപടി'
തിരുവനന്തപുരം: ഡോ. എം.ജി. സുരേഷ് കുമാറിനെ വ്യക്തിഹത്യ നടത്താനും വൈദ്യുതി മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ഓഫിസിലെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന നിലയിൽ പിഴ ചുമത്താനുമുള്ള നീക്കം അപലപനീയവുമാണെന്ന് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ. വൈദ്യുതി ഭവൻ വളയൽ പ്രക്ഷോഭം വിജയിച്ചതിലെ നിരാശയാണ് പ്രക്ഷോഭം നടന്ന തീയതിവെച്ച് നടപടിയെടക്കാൻ ചെയർമാനെ പ്രേരിപ്പിച്ചത്. പ്രക്ഷോഭം നിരോധിച്ചിട്ടും 1300ഓളം പേർ പങ്കെടുത്ത സാഹചര്യത്തിലാണ് വിശദീകരണം ചോദിക്കുകപോലും ചെയ്യാതെ പിഴ ചുമത്തൽ നീക്കം.
ഔദ്യോഗിക യാത്രകളിൽ വീട് സന്ദർശിച്ചുവെന്നത് അടർത്തിയെടുത്ത് വാർത്തയാക്കാനും സ്വഭാവഹത്യക്ക് വിധേയമാക്കാനുമുള്ള ശ്രമമാണ് ബോർഡിന്റേതെന്നും സംഘടന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.