ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റു; േകാട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി പിടിയിൽ
text_fieldsഗാന്ധിനഗർ: ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റ സംഭവത്തിൽ േകാട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം.
മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കൈ മരവിപ്പിക്കാനുള്ള വിലകൂടിയ മരുന്ന് കുറിച്ച് നൽകി.
രോഗിയുടെ ബന്ധുക്കൾ മോർച്ചറി ഗെയിറ്റിന് എതിർഭാഗത്തെ മെഡിക്കൽ ഷോപ്പിൽനിന്നും മരുന്ന് വാങ്ങി. ഇത് ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്‍റ് ജീവനക്കാരിയെ ഏൽപ്പിച്ചു. കൂടെ കടയിലെ ബില്ല് കൂടി തരാൻ ഇവർ ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും ചെയ്തു. എന്നാൽ, ഈ മരുന്ന് ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.
ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ബന്ധുക്കൾ ജീവനക്കാരിയോട് ബിൽ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോൾ അവർ തട്ടിക്കയറി. തുടർന്ന് ഇവർ ആശുപത്രി അധികൃതർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതർ നേരിട്ട് മരുന്ന് കടയിലെത്തി അന്വേഷണം നടത്തുകയും തിയറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്ന് ജീവനക്കാരി വിറ്റെന്നും ബോധ്യപ്പെട്ടു. എന്നാൽ, ഏത് ജീവനക്കാരിയാണെന്ന് അധികൃതർക്ക് മനസ്സിലായില്ല.
തുടർന്ന് തിയറ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരികളെ നിർത്തി തിരിച്ചറിയൽ പരേഡ് നടത്തിയാണ് മരുന്ന് വാങ്ങിയ ആളെ രോഗിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ജീവനക്കാരിയോട് വിശദീകരണം ആവശ്യപ്പെട്ട് അധികൃതർ കത്ത് നൽകി. ഇവർ സമാനമായ കൃത്യം മുമ്പും നടത്തിയതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.