പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസ്: ഭൂമി തിരിച്ചുപിടിക്കൽ മൂന്ന് മാസത്തിനകം പൂർത്തിയാക്കും
text_fieldsകൊച്ചി: പി.വി. അൻവർ എം.എൽ.എയുടെയും കുടുംബത്തിന്‍റെയും കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാൻ മൂന്ന് മാസത്തിനകം നടപടികൾ പൂർത്തീകരിക്കാനാവുമെന്ന് കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാൻ ഹൈകോടതിയിൽ.
സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ താലൂക്ക് ലാൻഡ് ബോർഡുകളെ സോണൽ ലാൻഡ് ബോർഡുകളും സബ് സോണൽ ബോർഡുകളുമായി പുനഃക്രമീകരിച്ചതും ചുമതലയുണ്ടായിരുന്ന സോണൽ ലാൻഡ് ബോർഡ് ചെയർമാൻ അവധിയിൽ പ്രവേശിച്ചതുമടക്കം കാര്യങ്ങളാണ് ഉത്തരവ് നടപ്പാക്കുന്നത് വൈകാൻ കാരണമെന്ന് കാട്ടി പുതുതായി ചുമതലയേറ്റ സോണൽ ബോർഡ് ചെയർമാൻ ടി.ആർ. രജീഷ് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിടുന്നതിൽ നിരുപാധികം മാപ്പപേക്ഷിച്ചിട്ടുമുണ്ട്. ഇക്കാര്യംകൂടി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ വിഷയം ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ഭൂപരിഷ്കരണ നിയമം ലംഘിച്ച് എം.എൽ.എയും കുടുംബവും കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തത്തിനെ തുടർന്ന് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ കെ.വി. ഷാജി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ബോർഡ് ചെയർമാന്‍റെ വിശദീകരണം. ഇവരുടെ കൈവശമുള്ള പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന 2022 ജനുവരി 13ലെ ഹൈകോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാരോപിച്ചാണ് ഹരജി.
ജൂലൈ 31ന് ഹരജിക്കാരനെ കേൾക്കാൻ നോട്ടീസ് നൽകിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഭൂമി തിരികെ പിടിക്കാൻ ആറ് മാസം കൂടി ആവശ്യപ്പെട്ട് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ നേരത്തേ ഫയൽ ചെയ്ത ഉപഹരജി ഹൈകോടതിയിലുണ്ട്. ഇതോടൊപ്പം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പി.വി. അൻവറിനും കുടുംബത്തിനും കൈവശമുള്ളത് 22.81 ഏക്കറാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആലുവ ഈസ്റ്റ് വില്ലേജിലും അൻവറിന് ഭൂമിയുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് അത് തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 10ന് മാത്രം ചുമതലയേറ്റ ബോർഡ് ചെയർമാനാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാറും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.