മൂവർണക്കൊടിയിൽ കോട്ടകെട്ടിയ മണ്ഡലം
text_fieldsകാസർകോട്: കോട്ടകളുടെ നാട്ടിൽ മൂവർണക്കൊടിയാൽ കോട്ടകെട്ടിയ മണ്ഡലമാണ് കാസർകോട് നിയമസഭ മണ്ഡലമെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കഴിഞ്ഞകാല നിയമസഭ വിജയങ്ങളുടെ ഗ്രാഫെടുത്താലറിയാം യു.ഡി.എഫിന്റെ കെട്ടുറപ്പ്. കാസർകോട് നിയമസഭ മണ്ഡലം നിലവിൽ വന്നത് 1957ലാണ്. അന്നത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസിലെ സി. കുഞ്ഞികൃഷ്ണൻ നായരും.
2021ൽ കേരള നിയമസഭയിലേക്ക് എൻ.എ. നെല്ലിക്കുന്ന് വേഗത്തിൽ നടന്നുകയറാൻ ഇടയാക്കിയത് കാസർകോട് നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് വോട്ടാണ്. അന്ന് അദ്ദേഹം നേടിയത് 63,296 വോട്ടുകൾ. എന്നും മുഖ്യ എതിരാളിയാകുന്നത് ബി.ജെ.പിയും. കെ. ശ്രീകാന്താണ് അന്ന് മത്സരിച്ചത്.
50,395 വോട്ട് നേടി അവരുടെ ആധിപത്യം തെളിയിച്ചതും ചരിത്രം. ഇവിടെ എൽ.ഡി.എഫ് ദുർബലമാണെന്ന് പറയുന്നതിന് തടസ്സമില്ല. എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത് 28,323 വോട്ടാണ്. അന്ന് മത്സരിച്ചത് ഐ.എൻ.എല്ലിലെ എം.എ. ലത്തീഫും.
കാസർകോട് താലൂക്കിലാണ് കാസർകോട് നിയമസഭ മണ്ഡലം സ്ഥിതിചെയ്യുന്നത്. എൻ.എ. നെല്ലിക്കുന്നാണ് (ഐ.യു.എം.എൽ) ഇപ്പോൾ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്. കാസർകോട് മുനിസിപ്പാലിറ്റിയും മൊഗ്രാൽപുത്തൂർ, മധൂർ, ബദിയഡുക്ക, കുംബഡാജെ, ബെള്ളൂർ, ചെങ്കള, കാറഡുക്ക പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം. മിക്ക പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്.
പേരിനൊരു എൽ.ഡി.എഫ് ഭരണംപോലുമില്ലാത്ത നിയമസഭ മണ്ഡലമാണ് കാസർകോടെന്ന പ്രത്യേകതയുമുണ്ട്. ലീഗിന്റെ കോട്ടകൊത്തളങ്ങൾ ഇളക്കിമറിക്കാൻ ബി.ജെ.പിയുടെ പിന്നിലാണ് എന്നും എൽ.ഡി.എഫിന് നിൽക്കാനായിട്ടുള്ളത്. ഇടക്ക് എൻ.എ. നെല്ലിക്കുന്ന് എൽ.ഡി.എഫിന്റെ ഭാഗമായപ്പോൾ ജയിച്ചുകയറിയത് ഇതിനൊരപവാദമായുണ്ട് എന്നുമാത്രം. ഏത് തിരമാലയിലും ഒലിച്ചുപോകാത്ത യു.ഡി.എഫ് കോട്ടയിലാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ. ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള നിയമസഭ മണ്ഡലം കൂടിയാണ് കാസർകോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.