വയനാട്ടിൽ നടത്തിയ സർവേയിൽ 156 ഇനം പക്ഷികളെ കണ്ടെത്തി
text_fieldsകൽപറ്റ: സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂ സെൻറർ ഫോർ ഇക്കോളജിയും സംയുക്തമായി സൗത്ത് വയനാട്ടിലെ മലനിരകളിൽ നടത്തിയ പക്ഷി സർവേയിൽ 156 ഇനം പക്ഷികളെ കണ്ടെത്തി.
പശ്ചിമഘട്ടത്തിലെ തന്നെ ഏറെ ദുഷ്കരമായ, എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള മലനിരകളാണ് തെക്കൻ വയനാട്ടിലേത്. വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരം മല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാർഗിൽ, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യർമല, അട്ടമല എന്നിവിടങ്ങളിലാണ് മൂന്നുദിവസം പഠനം നടത്തിയത്.
വയനാടൻ മലനിരകളിൽ, സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലത്തലപ്പുകൾ അഥവാ ആകാശ് ദ്വീപുകളിൽ മാത്രം കാണുന്ന, വംശനാശ ഭീഷണി നേരിടുന്ന ബാണാസുര ചിലപ്പൻ എന്ന പക്ഷിയുടെ ആവാസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.
സർവേയിൽ 15 വ്യത്യസ്ത തരം പരുന്തുകളെയും ഏഴുതരം മൂങ്ങകളെയും 11 തരം പാറ്റപിടിയന്മാരെയും എട്ടുതരം ചിലപ്പൻ പക്ഷികളെയും ഏഴുതരം മരം കൊത്തികളെയും കണ്ടെത്തി. സൗത്ത് വയനാട് ഭാഗത്തുനിന്ന് ആദ്യമായി പുല്ലുപ്പൻ എന്ന പക്ഷിയെ മണ്ടമല ഭാഗത്തുനിന്ന് കണ്ടെത്തി. വയനാട്ടിൽനിന്ന് ആദ്യമായി ഏഷ്യൻ ബ്രൗൺ ഫ്ലൈ ക്യാച്ചർ എന്ന പക്ഷിയുടെ പ്രജനനം കണ്ടെത്തി.
പൊതുവേ മേധ്യന്ത്യയിൽ മാത്രം കൂടു കൂട്ടുന്നതാണ് ഈ പക്ഷി. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളിൽ 13 എണ്ണത്തെയും ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന രണ്ടു പക്ഷികളെയും തെക്കൻ വയനാട്ടിലെ കാടുകളിൽ കണ്ടെത്തി. ചെമ്പൻ ഏറിയൻ, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്ക മരംകൊത്തി, പാറനിരങ്ങൻ, നെൽപൊട്ടൻ എന്നിവയാണ് കണ്ടെത്തിയ മറ്റു പ്രധാന പക്ഷികൾ.
ഓരോ ക്യാമ്പിലും മൂന്ന് പക്ഷിനിരീക്ഷകരും രണ്ടു വനം വകുപ്പ് ജീവനക്കാരുമടങ്ങുന്ന സംഘമാണ് സർവേ നടത്തിയത്. മൂന്ന് ദിവസമായി നടന്ന സർവേക്ക് ഡി.എഫ്.ഒ രഞ്ജിത്ത് കുമാർ, ഹ്യൂം സെൻറർ ഫോർ ഇക്കോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് എന്നിവർ നേതൃത്വം നൽകി. റേഞ്ച് ഓഫിസർമാരായ ഷമീർ, ശശികുമാർ, കെ.ജെ. ജോസ് എന്നിവർ ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 40ഓളം പേരാണ് സർവേയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.