ഗ്രാമസഭ മാതൃകയില്‍ 'സര്‍വേ സഭകള്‍'; 22 വില്ലേജുകളില്‍ ഡിജിറ്റൽ സര്‍വേ
text_fieldsതിരുവനന്തപുരം: നാലുവര്‍ഷം കൊണ്ട് 1550 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ റീ സര്‍വേക്ക് നവംബര്‍ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സര്‍വേ നടത്തുക.
ഇതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ റീ സര്‍വേയുടെ ഗുണം ഭൂവുടമകള്‍ക്കും സര്‍ക്കാറിനും ഒരുപോലെ ലഭിക്കുമെന്ന് എം.ബി. രാജേഷ് പറഞ്ഞു.
ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഒക്ടോബര്‍ 12നും 30നും ഇടയില്‍ സര്‍വേ സഭകള്‍ രൂപവത്കരിക്കും. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂര്‍ വില്ലേജിലെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടക്കും.
ജനകീയ പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും പരാതിരഹിതവുമായ ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 22 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വെങ്ങാനൂര്‍, വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍, പള്ളിപ്പുറം, അണ്ടൂര്‍കോണം, കല്ലിയൂര്‍, കീഴ്‌തോന്നയ്ക്കല്‍, വെമ്പായം, തേക്കട, മാണിക്കല്‍, കരകുളം, മലയിന്‍കീഴ്, തൊളിക്കോട്, ഇടയ്‌ക്കോട്, മുദാക്കല്‍, കീഴാറ്റിങ്ങല്‍, ഒറ്റൂര്‍, ചെറുന്നിയൂര്‍, വിളപ്പില്‍, കാഞ്ഞിരംകുളം, പരശുവയ്ക്കല്‍, നെയ്യാറ്റിന്‍കര എന്നീ വില്ലേജുകളിലെ വിവിധ വാര്‍ഡുകളിലാണ് സര്‍വേ നടത്തുക. എല്ലാ വാര്‍ഡിലും സര്‍വേ സഭയില്‍ ഭൂവുടമകളെ ബോധവത്കരിക്കാന്‍ രണ്ടു ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഡിജിറ്റല്‍ റീ സര്‍വേക്കായി 1500 സര്‍വേ ഉദ്യോഗസ്ഥരെയും 3500 താൽക്കാലിക ഹെൽപ്പര്‍മാരെയും നിയമിക്കും. ഡിജിറ്റല്‍ റീ സർവേക്കായി 807.38 കോടി രൂപ റീബില്‍ഡ് കേരളയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്.
യോഗത്തില്‍ ആദ്യഘട്ടം സര്‍വേ നടക്കുന്ന വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ വിവിധ പ്രതിനിധികള്‍, സര്‍വേ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സര്‍വേയും ഭൂരേഖയും വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍, ജില്ല കലക്ടര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.