ഭൂമി അളക്കാൻ കൈക്കൂലി: സർവെയർ അറസ്റ്റിൽ
text_fieldsതൃശൂർ: ഭൂമി അളന്ന റിപ്പോര്‍ട്ട് നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വെയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സെക്കൻഡ് ഗ്രേഡ് സര്‍വെയര്‍ എന്‍. രവീന്ദ്രനെയാണ് അയ്യന്തോള്‍ സ്വദേശിയുടെ പരാതിയിൽ ഓഫിസില്‍വെച്ച് പിടികൂടിയത്. വസ്തു സംബന്ധമായ കേസിനെത്തുടര്‍ന്ന് തൃശൂര്‍ മുന്‍സിഫ് കോടതി അഭിഭാഷക കമീഷനെ നിയോഗിച്ചിരുന്നു.
ജൂലൈയില്‍ രവീന്ദ്രന്‍ വസ്തു അളന്നെങ്കിലും റിപ്പോര്‍ട്ട് നൽകിയിരുന്നില്ല. റിപ്പോര്‍ട്ട് നൽകാന്‍ 5,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 2500 രൂപ രവീന്ദ്രന്‍റെ താമസസ്ഥലത്ത് എത്തിച്ചു. എന്നിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും സര്‍വെയറെ സമീപിച്ചു. 2500 രൂപ കൂടി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി പരാതിക്കാരന്‍ താലൂക്ക് സർവേ ഓഫിസിലെത്തി കൈമാറുകയായിരുന്നു.
അറസ്റ്റ് ചെയ്ത സംഘത്തിൽ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യൻ, ഇൻസ്‌പെക്ടർമാരായ സജിത്ത് കുമാർ, അജീഷ്, എസ്.ഐമാരായ ജയകുമാർ, ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ദിനേശ്, സിവിൽ പൊലീസ് ഓഫിസർമാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ഡ്രൈവർമാരായ എബി തോമസ്, രാജീവ് എന്നിവരുണ്ടായിരുന്നു.
ഈ വർഷം തൃശൂര്‍ വിജിലന്‍സ് സംഘം നേരിട്ട് പിടികൂടുന്ന പത്താമത്തെ കൈക്കൂലി കേസാണിത്.
അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ 0487 2334200, 94475 82434 നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.