അതിജീവിതയുടെ ഹരജി: ദുരൂഹത ആരോപിച്ച് എൽ.ഡി.എഫ്; അപമാനിക്കലെന്ന് യു.ഡി.എഫ്
text_fieldsകൊച്ചി: പീഡനക്കേസിലെ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ച നടിയുടെ ഹരജിയുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര്. തെരഞ്ഞെടുപ്പ് സമയത്ത് ഹരജി നൽകിയതിന് പിന്നിൽ പ്രത്യേക താൽപര്യമുണ്ടോയെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രതികരണം. ഹരജിയിൽ ദുരൂഹയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ. എന്നാൽ, നടി ഹരജി നൽകിയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനങ്ങൾക്ക് എല്ലാമറിയാം. മറ്റൊന്നും പറയാനില്ലാത്തതിനാൽ യു.ഡി.എഫ് ഇത് വിഷയമാക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ജയരാജന് അതിജീവിതയെ അപമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണദ്ദേഹം. സമീപകാലത്താണ് അന്വേഷണം ദുര്‍ബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. ഇക്കാര്യത്തിൽ ജയരാജന് എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നതെന്നും ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണല്ലോയെന്നും സതീശൻ പറഞ്ഞു.
ഇത് നാണം കെട്ട കേസാണെന്നായിരുന്നു മുൻ മന്ത്രി എം.എം. മണിയുടെ പ്രതികരണം. നല്ല നടനായി വളർന്നു വന്നയാൾ എങ്ങനെ ഇതിൽപെട്ടുവെന്ന് അറിയില്ല. കേസ് കോടതിയിൽ എത്തിക്കുകയെന്നതിലപ്പുറം മുഖ്യമന്ത്രിക്കും സർക്കാറിനും ഒന്നും ചെയ്യാനില്ല. നടിയുടെ ഹരജിക്ക് പിന്നിൽ രാഷ്ട്രീയ ശക്തികളുണ്ടെന്ന പ്രസ്താവനയുമായി മന്ത്രി ആന്റണി രാജുവും രംഗത്തെത്തി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ പ്രതികരണം. അതേസമയം, കേസ് അന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യവും പൊലീസിന് നൽകിയിട്ടുണ്ടെന്നും ആരേയും തടയുന്നില്ലെന്നും വൈകീട്ട് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണത്തിൽ ഒരു ഇടപെടലും സർക്കാർ നടത്തുന്നില്ല. പണ്ട് കേസുകളിൽ വെള്ളം ചേർത്ത അനുഭവമുള്ളവരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പിണറായി ഭരണത്തില്‍ സ്ത്രീസുരക്ഷ വെള്ളത്തില്‍ വരച്ച വരപോലെയായെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിയുടെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫിസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. ഇതിൽ അന്വേഷണം ആവശ്യമാണ്. അന്വേഷണം മരവിപ്പിക്കാൻ സി.പി.എം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.