സാബിക്കിനെ ചേർത്തുപിടിച്ച് ഉമ്മ നടന്നത് വിജയ തീരത്തേക്ക്; കാണാതെപോകരുത്, ഈ മിന്നുംവിജയം
text_fieldsകോട്ടക്കൽ: സെറിബ്രൽ പാൾസി രോഗമാണ് 18കാരനായ മുഹമ്മദ് സാബിക് നേരിടുന്ന പ്രധാന വെല്ലുവിളി. ജനിച്ച ദിവസം മുതൽ ഇന്നുവരെ ഉമ്മയുടെ ഒക്കത്തിരുന്നായിരുന്നു ലോകം കണ്ടത്. വയ്യാത്തതല്ലേ, എങ്ങോട്ടും കൊണ്ടുപോകേണ്ട; വീട്ടിലിരുത്തിയാൽ മതിയെന്ന് ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞപ്പോഴും മാതാവ് ഒരു തീരുമാനമെടുത്തു. മകനെ പുറംലോകം കാണിക്കണം, പഠിപ്പിക്കണം.
പിന്നിട്ട വഴികൾ ഏറെ കഠിനമായിരുന്നെങ്കിലും വർഷങ്ങൾക്കിപ്പുറം മകൻ വിജയ തീരമണിയുമ്പോൾ രക്ഷിതാക്കളായ കോട്ടക്കൽ ചിനക്കലിന് സമീപം മൂട്ടപ്പറമ്പൻ ലത്തീഫിനും സുബീറ ലിസാനിക്കുമിത് അഭിമാന നിമിഷമാണ്. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികളിൽ ഉന്നത വിജയമാണ് സാബിക്ക് നേടിയെടുത്തത്. ഹുമാനിറ്റീസിൽ മൂന്നു വിഷയങ്ങൾക്കും എ പ്ലസും ഇതര വിഷയങ്ങളിൽ എയും നേടിയാണ് മിടുക്കന്‍റെ വിജയം.
വീട്ടിലേക്ക് റോഡില്ലാത്തതിനാൽ ഇടവഴികളിലൂടെ മാതാവിന്‍റെ ഒക്കത്തിരുന്നായിരുന്നു സാബിക്കിന്‍റെ സ്കൂൾ യാത്രകൾ. നായാടിപ്പാറ ജി.യു.പി.എസിലായിരുന്നു പ്രാഥമിക പഠനം. ശാരീരിക പ്രയാസങ്ങളെ മറികടന്ന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നുംവിജയം നേടിയ സാബിക്കിനെ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. പി.ടി.എ പ്രസിഡന്‍റ് സാജിദ് മങ്ങാട്ടിൽ, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, അധ്യാപകരായ അബ്ദുൽ മജീദ്, ക്ലാസ് അധ്യാപിക അനു അഷറഫ് എന്നിവർ പങ്കെടുത്തു. സാബിക്കിന്‍റെ പേരിൽ തയാറാക്കിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.