സൂര്യഗായത്രി കൊലക്കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കും
text_fieldsതിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയെ കുത്തികൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച കത്തിയായ തൊണ്ടിമുതല്‍ കോടതിയില്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ അടക്കമുളളവരെ വീണ്ടും വിസ്തരിക്കേണ്ടിവരും. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
കേസ് വ്യാഴാഴ്ച കോടതി പരിഗണിച്ചപ്പോള്‍ സൂര്യഗായത്രിയുടെ മൃതശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്ത പോലീസ് സര്‍ജ്ജന്‍ ഡോ. ധന്യ രവീന്ദ്രനെയാണ് കോടതി വിസ്തരിച്ചത്. വിസ്താരത്തിനിടയില്‍ പ്രതി സൂര്യഗായത്രിയെ കുത്താന്‍ ഉപയോഗിച്ച കത്തി തിരിച്ചറിയാന്‍ ഡോക്ടറെ കാണിക്കേണ്ടിയിരുന്നു. കത്തി ശാസ്ത്രീയ പരിശോധന കഴിഞ്ഞ് ഇതുവരെ മടക്കി കിട്ടിയില്ലാത്തതിനാല്‍ കേസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
ധന്യ രവീന്ദ്രന് പുറമെ ഡോക്ടര്‍മാരായ അഞ്ചു പ്രതാപ്, ബി. സന്തോഷ് കുമാര്‍, ദീപ ഹരിഹരന്‍, ഷാനവാസ് മുസലിയാർ, അബിന്‍. എസ്. സെബാസ്റ്റ്യന്‍ എന്നിവരെയും കോടതി സാക്ഷികളായി വിസ്തരിച്ചു. കൊല്ലപ്പെട്ട സൂര്യ ഗായത്രിയുടെ ഭര്‍ത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചു. തന്നോട് പിണങ്ങി, കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് സൂര്യഗായത്രി അമ്മയുടെ വീടായ നെടുമങ്ങാട് വന്ന് നില്‍ക്കുകയായിരുന്നെന്നും പ്രതി തന്നെ ഫോണില്‍ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും താന്‍ ഒരു പണി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞതായി രതീഷ് കോടതിയില്‍ മൊഴി നല്‍കി.
കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരിൽ നിന്നും ലഭിച്ച ചാൻസ്പ്രിൻറ് പ്രതി അരുണിൻ്റെ ഇടത്തേ കൈയുടെ വിരലടയാളമാണന്ന് ഫിംഗർ പ്രിൻ്റ് എക്സ്പെർട്ട് വിഷ്ണു .കെ .നായർ കോടതി മുമ്പാകെ മൊഴി നൽകി.പ്രോസിക്യൂഷന്‍ വേണ്ടി അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.