സ്മൃതികുടീരങ്ങൾ വികൃതമാക്കിയ പ്രതി അറസ്റ്റിൽ
text_fieldsകണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചാല പടിഞ്ഞാറേക്കര സ്വദേശി ഷാജി അണയാട്ടിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് കുപ്പിയും മറ്റും പെറുക്കുന്നയാളാണ് ഷാജി. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. കുപ്പിയിൽ ബാക്കിയായ ശീതളപാനീയമാണ് സ്തൂപങ്ങളിലും ഫോട്ടോകളിലും ഒഴിച്ചത്. സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെയാണ് പയ്യാമ്പലത്ത് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങൾ അജ്ഞാതൻ വികൃതമാക്കിയനിലയിൽ കണ്ടെത്തിയത്.
നേതാക്കൾ അന്ത്യവിശ്രമംകൊള്ളുന്നയിടത്തെ സ്തൂപത്തിലും ചിത്രങ്ങളിലുമാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത ചിത്രം പൂർണമായും വികൃതമാക്കിയിരുന്നു. കരിഓയിൽ പോലെയുള്ള രാസവസ്തുവാണ് ഒഴിച്ചതെന്നായിരുന്നു സംശയിച്ചിരുന്നത്.
പയ്യാമ്പലത്തുനിന്ന് ലായനി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഒരു കുപ്പി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് ഫോറൻസിക് വിഭാഗം സാമ്പിൾ ശേഖരിച്ചിരുന്നു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.പി.എം സ്മൃതികുടീരങ്ങൾക്കെതിരായ അക്രമമുണ്ടായത് പൊലീസ് ഗൗരവത്തോടെയാണ് കണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.