ബാങ്ക് കൊള്ള; ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയ പൊലീസ്, ടി ഷർട്ടിട്ടയാളെ വിടാതെ പിൻതുടർന്നു, ഒടുവിൽ പ്രതി വലയിൽ
text_fieldsതൃശൂർ: 37 മണിക്കൂറിനൊടുവിൽ ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായിരിക്കുന്നത്. ഒരു സ്‌കൂട്ടറും രണ്ട് ടി ഷര്‍ട്ടുകളും കൊണ്ട് പ്രതി പൊലീസിനെ കറക്കിയെങ്കിലും ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി അതിന്റെ ചുവടുപിടിച്ചാണ് പ്രതിയെ വലയിലാക്കിയത്.
ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ മോഷണം നടന്ന സമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന തീരുമാനത്തിൽ നിന്നാണ് പൊലീസ് പ്രതിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഈ നമ്പറുകളും വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുനോക്കുക എന്നത് അതിനേക്കാള്‍ പ്രയാസമേറിയതായി. ഇതിനിടെ, ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു. ടി ഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സി.സി.ടി.വികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.
കടം വീട്ടാനാണ് കൊള്ള നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. തുടക്കം മുതൽ ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണം നടത്തിയതെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഒടുവിൽ, ചാലക്കുടിക്കാരൻ തന്നെ പിടിയിലായതോടെ ഇത് ശരിയെന്ന് തെളിയുകയാണ്.
ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ ആന്റണിയെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നഴ്സാണ് റിജോ ആന്റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാൾ ധൂർത്തടിക്കുകയാണ്. ഉടൻ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇയാൾ മോഷണം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തെളിവുകളൊന്നും ലഭിക്കാതെ പൊലീസ് ഉഴലുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ്, പ്രത്യേക അന്വേഷണ സംഘം രൂപവൽകരിക്കുന്നത്.
നാല് സംഘമായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. ഒടുവിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് 10 ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സി.സി.ടി.വിയിൽ നിന്ന് മനസിലായി. ഇതനുസരിച്ച് പ്രധാനമായും പൊലീസ് അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് കൊണ്ടുപോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.