കർണാടകയുടെ നിയന്ത്രണം നീട്ടൽ; തീരുമാനത്തിനുപിന്നിൽ എന്ത്? (രാഷ്ട്രീയമോ)...
text_fieldsകണ്ണൂർ: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം നീട്ടിക്കൊണ്ടിരിക്കാൻ കർണാടക സർക്കാറിനെ പ്രേരിപ്പിക്കുന്നതെന്ത്?. പലഘട്ടങ്ങളിലായി നീട്ടിക്കൊണ്ടിരുന്ന നിയന്ത്രണം തിങ്കളാഴ്ച പിൻവലിക്കുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലക്കാരെ വീണ്ടും ദുരിതത്തിലാക്കുന്നതായി നിയന്ത്രണം ഈ മാസം 24വരെ നീട്ടിയത്.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശിക്കാൻ അനുമതി കൂടുതൽ രാജ്യങ്ങൾ നൽകുേമ്പാഴാണ് കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകം പ്രവേശനാനുമതി നിഷേധിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്താലും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന കർണാടകത്തിെൻറ നിർബന്ധത്തിനു പിന്നിൽ മറ്റ് ചില രാഷ്ട്രീയ താൽപര്യം ഉണ്ടോയെന്ന് സംശയിക്കുന്നിടത്താണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. അതേസമയം കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നും ഇല്ലായെന്നിരിക്കെയാണ് കർണാടക സർക്കാർ ഏകപക്ഷീയമായി പ്രതികാരബുദ്ധിയോടെ നിയന്ത്രണം തുടരുന്നത്.
മംഗളൂരു ഉൾപ്പെടെ കർണാടകത്തിെൻറ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. അതുപോലെ തന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിലെ മലയാളികളുടെ എണ്ണവും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള രോഗികളും വിദ്യാർഥികളും കൂടുതലായി ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ്.
ഇതിനു പുറമെ കച്ചവടം, കൃഷി, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കും ദിവസേന മംഗളൂരു, കുടക് തുടങ്ങി കർണാടകത്തിലേക്ക് ദൈനംദിന യാത്ര ചെയ്യുന്നവരുടെ എണ്ണവും ഏെറയാണ്. ഇതൊക്കെയായിട്ടും, കേരളത്തിൽ കോവിഡ് നിരക്ക് കുറയുന്നില്ലെന്ന കാരണം നിരത്തിയാണ് നിയന്ത്രണം നീട്ടിക്കൊണ്ടിരിക്കുന്നത്.
പലരും ചികിത്സ മാറ്റിവെക്കുന്നു
കണ്ണൂർ: കർണാടക സർക്കാർ നിയന്ത്രണം തുടരുന്നതിനാൽ മംഗളൂരുവിലെയും ബംഗളൂരുവിലെയും ആശുപത്രികളിൽ ചികിത്സ നടത്തിവരുന്ന മിക്ക രോഗികളും ചികിത്സ മാറ്റിവെക്കുകയാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെങ്കിൽ നല്ലൊരു തുക ചെലവഴിക്കണം. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങി തനിച്ച് പോകാൻ കഴിയാത്ത രോഗികളുടെ കൂടെ ആരെങ്കിലും ഇല്ലാതെ പോകാനാവില്ല. അതിനാൽ രോഗിക്കും കൂടെ പോകുന്നവർക്കും ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. ഇതുകാരണമാണ് പലരും ചികിത്സക്ക് പോകാതെ മാറ്റിവെക്കുന്നത്. ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് മരുന്ന് വാങ്ങി കഴിച്ചാണ് ചികിത്സ തുടരുന്നത്. നിയന്ത്രണം പിൻവലിക്കുമെന്ന ഇത്തരക്കാരുടെ പ്രതീക്ഷയാണ് കർണാടക സർക്കാർ ഹനിക്കുന്നത്.
ലോക്കായി മാക്കൂട്ടം ചുരംപാത
ഇരിട്ടി: മാസങ്ങളായി കുടക് ഭരണകൂടം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണം പിൻവലിക്കാത്തതിനാൽ മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്ര വീണ്ടും ദുരിതത്തിലായി. 14 വരെ മാക്കൂട്ടം ചുരം പാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വീണ്ടും 24 വരെ നീട്ടിയത്. നിയന്ത്രണം പിൻവലിച്ചുവെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച കാലത്തെത്തിയ യാത്രക്കാർക്ക് ഇത് കനത്ത പ്രഹരമാണ് ഏൽപിച്ചത്. ഏറെനേരം ചുരം പാതയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞതിനുശേഷം തിരിച്ചു പോവേണ്ട അവസ്ഥയാണുണ്ടായത്.
രാജ്യം മുഴുവൻ രണ്ട് കോവിഡ് വാക്സിൻ എടുത്തവർക്ക് ഏതുസംസ്ഥാനത്തും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാറിെൻറ ഉത്തരവ് ഉണ്ടെങ്കിലും കേരളത്തിൽ നിന്നും മാക്കൂട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് വരുന്നവർക്കുള്ള നിയന്ത്രണം കടുപ്പിച്ചത് യാത്രക്കാരിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എന്നാൽ, മാസങ്ങളോളമായുള്ള കർണാടകയുടെ ഈ നിയന്ത്രണം മൂലം കേരളത്തിൽ നിന്ന് വീരാജ്പേട്ട, മടിക്കേരി, മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വ്യാപാരികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾക്കും കർണാടകത്തിലെ വീരാജ്പേട്ട, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള താമസക്കാർക്കും കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. ഇരിട്ടി ഉൾപ്പെടെ ആശുപത്രിയിലേക്ക് വരുന്നവർക്കും കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വരുന്നവർക്കും ഏറെ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
കോൺഗ്രസ് സമരത്തിന്
ഇരിട്ടി: കേരളത്തിൽനിന്നുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്ന കർണാടക സർക്കാർ നിലപാടിനെതിരെ കോൺഗ്രസും രംഗത്ത്. ഇതിെൻറ ഭാഗമായി അടുത്ത ദിവസം തന്നെ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് കുടക് ഡി.സി.സി അംഗം പൃഥ്വിനാഥ് പറഞ്ഞു.
പ്രതിഷേധത്തിൽ കുടക് ജനത
ഇരിട്ടി: ഏറെക്കാലമായി കർണാടക സർക്കാർ മാക്കൂട്ടം ചുരം പാതയിൽ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം പിൻവലിക്കാതെ വീണ്ടും നീട്ടിയതിൽ കടുത്ത പ്രതിഷേധവുമായി കുടക് ജനതയും. കുടക് ജില്ല എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ച് സാധാരണ നിലയിലാണ്.
മാക്കൂട്ടം ചുരം പാതവഴിയും നിയന്ത്രണങ്ങൾ ഒഴിവാക്കി അന്തർ സംസ്ഥാന യാത്ര സുഗമമാക്കണമെന്നാണ് കുടക് നിവാസികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.