സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേടിൽ ജനീഷ്കുമാർ എം.എൽ.എക്കെതിരെ സസ്പെൻഷനിലായ സെക്രട്ടറി
text_fieldsപത്തനംതിട്ട: സീതത്തോട് സര്‍വിസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെ.യു. ജനീഷ്കുമാർ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സസ്പെൻഷനിലായ സെക്രട്ടറി കെ.യു. ജോസ്. ജനീഷ്കുമാർ ബാങ്കിൽ ജോലി ചെയ്തിരുന്ന സമയത്താണ് ക്രമക്കേടുകൾ നടന്നതെന്നും എല്ലാ ഇടപാടുകളും സി.പി.എമ്മും ഭരണസമിതിയും അറിഞ്ഞാണെന്നുമാണ് ജോസിെൻറ ആരോപണം. തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റുള്ളവരുടെ ശ്രമം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. 2013-19 കാലയളവില്‍ 1.63 കോടി തിരിമറി നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ബാങ്ക് പ്രസിഡൻറ് ടി.എ. നിവാസ് ജോസിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, താന്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ സാമ്പത്തിക തിരിമറി നടന്നതായി റിപ്പോര്‍ട്ടിലില്ലെന്ന് ജോസ് ചൂണ്ടിക്കാട്ടുന്നു. 2013-19 ൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിെൻറ പിതാവ് പി.എന്‍. രവീന്ദ്രനായിരുന്നു പ്രസിഡൻറ്. സുഭാഷായിരുന്നു സെക്രട്ടറി. ജനീഷ് കുമാര്‍ ജീവനക്കാരനും. 2019 ജൂണില്‍ സുഭാഷ് വിരമിച്ച ഒഴിവിലാണ് ജോസ് സെക്രട്ടറിയായത്. കുറ്റമെല്ലാം തെൻറമേൽ കെട്ടിെവക്കാൻ ശ്രമമുണ്ടാകുമെന്നത് മുന്നിൽക്കണ്ട് ജോസ് മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കുകയായിരുന്നു.
മുമ്പ് സി.പിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായിരുന്നു ജോസ്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസിൽ പ്രതിയാക്കാനാണ് ശ്രമെമന്ന് ജോസ് ആരോപിക്കുന്നു. പണം തെരഞ്ഞെടുപ്പിന് ചെലവഴിച്ചിട്ടുണ്ട്. എം.എൽ.എയുടെ രഹസ്യങ്ങൾ അറിയുന്നതിനാലാണ് തന്നെ ജയിലിലാക്കാൻ ശ്രമിക്കുന്നത്. നോട്ടുനിരോധന കാലയളവില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ കൃത്രിമ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ജോസ് പറയുന്നു. അതേസമയം, ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറിയായിരുന്ന കെ.യു. ജോസ് മാത്രമാണ് കുറ്റക്കാരനെന്ന് ബാങ്ക് പ്രസിഡൻറ് ടി.എ. നിവാസ് പറഞ്ഞു. അപഹരിച്ച തുക തിരിച്ചടച്ചതായും നിവാസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.