ക്രമക്കേട്: എ.എം.വി.ഐക്ക് സസ്പെൻഷൻ
text_fieldsകോഴിക്കോട്: വാഹനങ്ങളുടെ നികുതി ഈടാക്കുന്നതിൽ ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന് എ.എം.വി.ഐയെ സസ്പെൻഡ് ചെയ്തു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമീഷണർ ഇൻ ചാർജാണ് മലപ്പുറം എ.എം.വി.ഐ വി. വിഷ്ണുവിനെ സസ്പെൻഡ് ചെയ്തത്. 15,085 രൂപ സർക്കാറിന് നഷ്ടം ഉണ്ടാക്കിയതായാണ് കണ്ടെത്തൽ.
സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ വിവിധ സബ് ആർ.ടി.ഒ ഓഫിസിലും ആർ.ടി.ഒ ഓഫിസിലും പരിശോധന നടത്തിയിരുന്നു. പല ഓഫിസുകളിലും ക്രമക്കേടുകൾ നടക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലും നടപടിയുണ്ടാകും. ചില സ്റ്റേജ് കാരേജ് വാഹനങ്ങൾക്ക് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നിരക്കിൽ നികുതി ഈടാക്കിയതിനുശേഷം താൽക്കാലിക പെർമിറ്റ് നൽകി.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നിരക്കിൽ നികുതി ഈടാക്കാതെ നഷ്ടം വരുത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥന്റെ പ്രവൃത്തി ഗുരുതര കൃത്യവിലോപവും കടുത്ത അച്ചടക്ക ലംഘനവും പൊതുജനങ്ങൾക്കിടയിൽ വകുപ്പിന്റെ സൽപേരിനും അന്തസ്സിനും കളങ്കവും അവമതിക്കും കാരണമായതായും റിപ്പോർട്ടിലുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ആർ.ടി.ഒയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.