മദ്യക്കേസ് കൈക്കൂലി വാങ്ങിയൊതുക്കി, പിടിച്ച മദ്യം ഓഫിസിലെത്തി പങ്കിട്ടെടുത്തു; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsഗുരുവായൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയക്കും. സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ.കെ. സിജ എന്നിവരെയാണ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുന്നത്.
ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്റലിജൻസ് വിഭാഗം ജോയന്റ് എക്സൈസ് കമീഷണറുടെ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. വിശദ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമീഷണറെ നിയോഗിച്ചു.
ഈ മാസം 12നാണ് സംഭവങ്ങളുടെ തുടക്കം. അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥസംഘം കാറിൽ പട്രോളിങ് നടത്തുമ്പോൾ മൂന്ന് ലിറ്റർ മദ്യവുമായി ഒരാളെ മുല്ലശ്ശേരിയിൽനിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഒരുസ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി. സ്ത്രീയുടെ വീട് പരിശോധിച്ചപ്പോൾ 12 കുപ്പി ബിയർ കണ്ടെടുത്തു.
പിടിയിലായ ആൾക്കെതിരെ കേസെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. മഹസർ ഒഴികെ എല്ലാ രേഖകളും തയാറാക്കി സ്ത്രീെയയും ബന്ധുവിനെയും സാക്ഷിയാക്കുകയും ചെയ്തു. എന്നാൽ, സ്ത്രീയുടെ ബന്ധു ഇടപെട്ട് കേസൊതുക്കുകയും അതിനായി ഉദ്യോഗസ്ഥർ പണം കൈപ്പറ്റുകയും ചെയ്തതായാണ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത മദ്യം ഓഫിസിൽ കൊണ്ടുവന്ന് പങ്കിട്ടെടുത്തതായും റിപ്പോർട്ടിലുണ്ട്. സംഭവം പുറത്തറിഞ്ഞെന്ന് സംശയം തോന്നിയതോടെ ഈ മാസം 20ന് എക്സൈസ് ഇൻസ്പെക്ടർ സ്റ്റാഫുകളുടെ യോഗം വിളിച്ചു. ഡ്രൈവെറയും ഒരു സിവിൽ എക്സൈസ് ഉദ്യോഗസ്ഥനെയുമായിരുന്നു സംശയം.
യോഗത്തിൽ ഡ്രൈവറെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്രെ. ഈ സമയത്ത് ഇൻസ്പെക്ടർ മദ്യലഹരിയിലായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവർ ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവങ്ങൾ പുറത്തുവന്നത്. മൂന്ന് ലിറ്റർ മദ്യം കണ്ടെടുത്ത ആളിൽനിന്ന് പിന്നീട് മറ്റൊരിടത്തുനിന്ന് പിടികൂടിയ ബിയർ അടക്കമുള്ളവയുടെ കേസ് വ്യാജമായി ചുമത്താൻ ശ്രമിച്ചതായും കണ്ടെത്തി. പിന്നീട് പണം വാങ്ങി കേസൊതുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.