കുര്യാക്കോസ് മാർ സേവേറിയോസിന് സസ്പെൻഷൻ; ‘സമുദായ മെത്രാപ്പോലീത്ത’ പദവി ഒഴിവാക്കി
text_fieldsകോട്ടയം: സഭാ നേതൃത്വത്തിലെ ഭിന്നതക്കിടെ, ക്‌നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തക്ക് സസ്പെൻഷൻ. സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാർക്കീസ് ബാവായുടേതാണ് നടപടി. ‘സമുദായ മെത്രാപ്പോലീത്ത’ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനൊപ്പം സസ്‌പെന്‍ഷന്‍ കാലയളവില്‍ കൂദാശകള്‍ നടത്തുന്നത് വിലക്കുകയും ചെയ്തു.
മെത്രാപ്പോലീത്തമാർ ഇരുചേരികളിലായി നിലയുറപ്പിച്ചതിനെ തുടർന്ന് ചിങ്ങവനം കേന്ദ്രമായ സഭയിൽ മാസങ്ങളായി തർക്കം തുടരുകയായിരുന്നു. സഭയുടെ തലവനായ മാർ സേവേറിയോസ് ഒരുഭാഗത്തും മറ്റ് മൂന്ന് സഹായമെത്രാന്മാർ മറുചേരിയിലുമാണ്. സഭ മാനേജിങ് കമ്മിറ്റിയും വൈദികരിൽ ഭൂരിഭാഗവും കുര്യാക്കോസ് മാർ സേവേറിയോസിനൊപ്പമാണ്. തർക്കപരിഹാരത്തിന് സഭയുടെ പരമാധികാരിയായ അന്ത്യോഖ്യ പാത്രിയാർക്കീസും യാക്കോബായ സഭ നേതൃത്വവും ഇടപെട്ടിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
കുര്യാക്കോസ് മാർ സേവേറിയോസ് ഈ മാസം 21ന് ക്നാനായ അസോസിയേഷന്‍റെ യോഗം വിളിച്ചിരുന്നു. സഭയുടെ ആസ്ഥാനമായ ചിങ്ങവനം മാർ അപ്രേം സെമിനാരിയിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. സഭയുടെ ഭരണഘടനപ്രകാരം അന്ത്യോഖ്യ പാത്രിയര്‍ക്കീസാണ് പരമാധികാരി.
ഈ വ്യവസ്ഥ ഒഴിവാക്കി ഭരണഘടന ഭേദഗതി ചെയ്യാൻ ലക്ഷ്യമിട്ടാണ് യോഗം വിളിച്ചത്. ഭരണ ഇടപെടലുകൾക്കുപകരം പാത്രിയാർക്കീസിന്‍റെ അധികാരം ആത്മീയ നേതൃത്വത്തിലേക്ക് ചുരുക്കണമെന്നാണ് സേവേറിയോസിനെ അനുകൂലിക്കുന്ന ക്നാനായ അസോസിയേഷന്‍റെ നിലപാട്. ഇതിനെതിരെ എതിർവിഭാഗം പരാതി നൽകിയതോടെ, പാത്രിയാർക്കീസ് ബാവ, വ്യാഴാഴ്ച വൈകീട്ട് വിഡിയോ കാളിലൂടെ സേവേറിയോസിനോട് വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെ, വെള്ളിയാഴ്ച രാവിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷൻ കൽപന പുറപ്പെടുവിക്കുകയായിരുന്നു. അന്ത്യോഖ്യ പാത്രിയർക്കീസിന്‍റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
യോഗം മാറ്റില്ല -ക്നാനായ അസോസിയേഷൻ
കോട്ടയം: ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തക്കെതിരെയുള്ള നടപടി അംഗീകരികാനാകില്ലെന്ന് ക്നാനായ യാക്കോബായ സഭ സെക്രട്ടറി ടി.ഒ. എബ്രഹാം. ബാവായെ സഭയിലെ സഹായമെത്രാൻ തെറ്റിദ്ധരിപ്പിച്ചതാകാം സസ്പെൻഷന് കാരണം. ബാവായുടെ അറിവോടെയാണോ നടപടിയെന്ന കാര്യവും വ്യക്തമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാത്രിയാർക്കീസ് ബാവായുടെ കൽപനക്കുപിന്നാലെ, നടന്ന ക്നാനായ അസോസിയേഷൻ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സഭ സെക്രട്ടറി. സസ്പെൻഷൻ നടപടിയും നിലവിലെ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ക്നാനായ അസോസിയേഷൻ പാത്രിയാർക്കീസ് ബാവാക്ക് കത്തയയക്കും. ഇതിനു മറുപടി ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.
ഈമാസം 21ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റില്ല. ഭരണഘടനപ്രകാരം നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് യോഗം വിളിച്ചിരിക്കുന്നത്. വിദേശത്തെയടക്കം പ്രതിനിധികൾക്കെല്ലാം നോട്ടീസും നൽകിയിരുന്നു. അവരിൽ പലരും നാട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞു- അദ്ദേഹം പറഞ്ഞു.
ഇതിനിടെ, സസ്പെൻഷനെതിരെ നിയമനടപടികൾ സ്വീകരിക്കാനും കുര്യാക്കോസ് മാർ സേവേറിയോസിനെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.