ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടിയ കേസ്: പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsമലപ്പുറം: വളാഞ്ചേരിയില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വളാഞ്ചേരി ഇൻസ്പെക്ടർ സുനില്‍ദാസ്, എസ്.ഐ ബിന്ദുലാല്‍ എന്നിവരെയാണ് ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ സസ്പെൻഡ് ചെയ്തത്. ഒളിവില്‍ പോയ ഇൻസ്പെക്ടർ സുനില്‍ദാസിനായി അന്വേഷണം ഊർജിതമാക്കി. കേസില്‍ എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ അസൈനാരെയും വ്യാഴാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന്‍ ഉത്തരമേഖല ഐ.ജിക്ക് കൈമാറി. തുടർന്നായിരുന്നു സസ്പെൻഷൻ. ഒളിവില്‍പോയ സുനിൽ ദാസിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്റ്റേഷനില്‍നിന്ന് ഒരു ദിവസത്തെ അവധിയില്‍ പോയതാണ്. ക്രൈംബ്രാഞ്ച് സംഘം ഗുരുവായൂരിലെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണ്. സുനില്‍ദാസിനെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും സമാന പരാതികളുയര്‍ന്നിരുന്നതായി സൂചനയുണ്ട്.
ക്വാറിയുടമയായ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിന്‍റെ വളാഞ്ചേരിയിലെ ക്വാറിയില്‍നിന്ന് മാര്‍ച്ച് 30ന് അനുമതിയില്ലാതെ സൂക്ഷിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടിയിരുന്നു. 22 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഈ കേസില്‍ ജയിലിലടക്കുമെന്നായിരുന്നു ഇൻസ്പെക്ടറും എസ്.ഐയും ചേർന്ന് ക്വാറി ഉടമയെ ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായ അസൈനാര്‍ മുഖേന ക്വാറിയുടമ പണം കൈമാറി. എട്ട് ലക്ഷം രൂപ ഇന്‍സ്പെക്ടറും, 10 ലക്ഷം എസ്.ഐയും നാല് ലക്ഷം ഇടനിലക്കാരനും കൈക്കലാക്കി. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ക്രമേക്കേട് പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.