എസ്.പി സുജിത് ദാസിന് സസ്പെൻഷൻ; ഗുരുതര ചട്ടലംഘനമെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച എസ്.പി സുജിത് ദാസിനെ അന്വേഷണ വിധേയമായി സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എസ്.പിയായിരിക്കെ എം.എൽ.എയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് സുജിത് ദാസിന് എതിരെയുള്ള ആരോപണം.
മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. എസ്.പി ക്യാമ്പ് ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ സർവീസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും എന്നാണ് സുജിത് ദാസ് പറയുന്നത്. ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അൻവറിന് ഉണ്ടാകുമെന്നും മലപ്പുറം മുൻ എസ്.പിയും നിലവിൽ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസ് വാഗ്ദാനം നൽകിയിരുന്നു.
'എനിക്ക് വേണ്ടി ആ പരാതിയൊന്ന് പിൻവലിച്ചുതരണം. പത്തിരുപത്തിയഞ്ചു വർഷം കൂടി സർവിസുണ്ട്. ഞാൻ എം.എൽ.എയോട് കടപ്പെട്ടിരിക്കും. എനിക്ക് അതിൽ കൂടുതലൊന്നും പറയാനില്ല. എന്റെയൊരു കാര്യപ്രാപ്തിക്ക് വേണ്ടി പറയുന്നതല്ല, 25ാമത്തെ വയസ്സിൽ സർവിസിൽ കയറിയതാണ്. ഡി.ജി.പിയായി റിട്ടയർ ചെയ്യാൻ ഈശ്വരൻ ആയുസും ആരോഗ്യവും തന്നാൽ അതുവരെ ഞാൻ എം.എൽ.എയോട് കടപ്പെട്ടിരിക്കും. ഒരു സഹോദരനോട് സംസാരിക്കുന്ന പോലെ, അങ്ങനെയൊക്കെ കരുതാൻ പറ്റുമോ എന്നെനിക്കറിയില്ല, ഞാൻ നിലമ്പൂരുകാരനല്ലെങ്കിൽ പോലും ഒരു പേഴ്സണൽ റിലേഷൻഷിപ്പിൽ എന്നെക്കൂടി വെച്ചേക്കണം.'-എന്നായിരുന്നു സുജിത് ദാസ് പി.വി. അൻവറിനോട് അഭ്യർഥിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.