ഭാരത് ജോഡോ യാത്രക്ക് പിരിവ് കുറഞ്ഞതിന് അക്രമം: മൂന്ന് നേതാക്കളെ കോൺഗ്രസ് പുറത്താക്കി
text_fieldsകൊല്ലം: രാഹുൽ ഗാന്ധിയുടെ ഭാരത് ജേഡോ യാത്രക്ക് നൽകിയ പിരിവ് കുറഞ്ഞതിന് പച്ചക്കറിക്കടയിൽ അക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കോൺഗ്രസിൽനിന്ന് പുറത്താക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ്ഖാൻ, ഡി.സി.സി അംഗം കുന്നിക്കോട് ഷാജഹാൻ, വിളക്കുടി വെസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സലീം എന്നിവരെയാണ് പുറത്താക്കിയത്.
വ്യാഴാഴ്ച പത്തനാപുരം കുന്നിക്കോട്, പുനലൂർ ഫാദിന്‍ മന്‍സിലില്‍ എസ്. ഫവാസിന്‍റെ കടയിലായിരുന്നു സംഭവം. 2000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അഞ്ഞൂറ് രൂപ നൽകിയതിൽ തൃപ്തരാവാതെ കൈയേറ്റം ചെയ്യുകയായിരുന്നു. കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ത്രാസ് പൊട്ടിക്കുകയും ജീവനക്കാരെ മർദിക്കുകയും അവിടെനിന്ന സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തതായി ഫവാസ് കുന്നിക്കോട് പൊലീസിൽ നൽകിയ പാരാതിയിൽ പറയുന്നു.
അക്രമം വാർത്തയായതോടെ ഭാരത് ജേഡോ യാത്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിക്കുകയും കെ.പി.സി.സി പ്രസിഡന്‍റ് അച്ചടക്ക നടപടിയെടുക്കുമെന്നറിയിക്കുകയും ചെയ്തു. തുടർന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് മൂന്നുപേരെയും അന്വേഷണവിധേയമായി താൽക്കാലികമായി പാർട്ടിയിൽനിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
വിളക്കുടി വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരിയുടെ പരാതിയിൽ മണ്ഡലം പ്രസിഡന്‍റിനെതിരെയും തങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ വ്യാപാരിക്കെതിരെയും പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.