വിദ്യാർഥിനിയെ അധ്യാപകൻ ബൈക്കിൽ പീഡിപ്പിച്ച കേസ്: പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് സസ്പെൻഷൻ
text_fieldsതൃപ്പൂണിത്തുറ: ഉപജില്ലാ കലോല്‍സവം കഴിഞ്ഞു മടങ്ങവെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകൻ ബൈക്ക് യാത്രക്കിടെ പീഡിപ്പിച്ച കേസില്‍ പ്രതി ചേർക്കപ്പെട്ട സ്‌കൂൾ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ സസ്പെൻസ് ചെയ്തു. സംഭവം നടന്ന് രണ്ടുമാസത്തിനു ശേഷമാണ് നടപടി. പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് സർക്കാർ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ നവംബർ 16 നായിരുന്നു കേസിനാസ്‌പദമായ സംഭവം. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പട്ടിമറ്റം മന്ത്രക്കല്‍ ദേവി ക്ഷേത്രത്തിനു സമീപം നടുക്കാലയില്‍ വീട്ടില്‍ കിരണ്‍ കരുണാകരനെ(43) ഹിൽപാലസ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.
കേസിൽ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതി ലഭിച്ചിട്ടും യഥാസമയം പൊലീസിനെ അറിയിക്കാതെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതാണ് പ്രിൻസിപ്പൽ അടക്കമുള്ള മൂന്ന് അധ്യാപകർക്കെതിരെയുള്ള കുറ്റം. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതി ജാമ്യം നൽകിയിരുന്നു.
പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്ക് കലോത്സവത്തിന് എത്തിക്കുന്നതിന് മാര്‍ഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് കിരൺ എന്ന അധ്യാപകൻ ബൈക്കില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കലോത്സവം കഴിഞ്ഞ് രാത്രി 8 മണിയോടുകൂടി ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത് വന്ന പെണ്‍കുട്ടിയെ പൊന്നുരുന്നി മുതല്‍ കരിമുകള്‍ വരെയുള്ള ഭാഗത്ത് വെച്ച് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു.
വിവരം തൊട്ടടുത്ത ദിവസം സ്‌കൂള്‍ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ പൊലിസിനെ അറിയിച്ചില്ല. സംഭവം പുറത്ത് അറിയിക്കാതെ മൂടിവെക്കാനും സ്‌കൂളധികൃതരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. വിവരമറിഞ്ഞ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സമരം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.