വനംവകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവുചെടി; റേഞ്ച് ഓഫിസറടക്കം രണ്ടുപേർക്ക് സസ്പെൻഷൻ, ഏഴുപേരെ സ്ഥലം മാറ്റി
text_fieldsകോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസ് വളപ്പിൽ കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കൂട്ടനടപടി. എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. അജയ് എന്നിവരെ സസ്പെൻഡ് ചെയ്തതിനൊപ്പം ഏഴ് ജീവനക്കാരെ സ്ഥലം മാറ്റി. കഞ്ചാവുചെടി വളർത്തിയ വിവരം അറിഞ്ഞിട്ടും ഇവർ നടപടി സ്വീകരിച്ചില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എസ്. സജി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ബി. അജിത്ത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സാം. കെ. സാമുവൽ, സൗമ്യ എസ്. നായർ, രാജി മോൾ, രേഖ, ഫോറസ്റ്റ് വാച്ചർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കുറ്റകൃത്യം തടയുന്നതിൽ വീഴ്ച വരുത്തിയതിനൊപ്പം കഞ്ചാവ് തൈകൾ പിഴുതുകളഞ്ഞതിലൂടെ ഇവർ തെളിവ് നശിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റെസ്ക്യൂ വാച്ചറായ അജേഷ് പി. ബാലകൃഷ്ണനാണ് സ്റ്റേഷന്റെ പിൻവശത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് വിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പ്രതികാരബുദ്ധിയാൽ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു കേസിൽ തനിക്കെതിരെ പരാതി നൽകിയ ജീവനക്കാരെ കേസിൽ ഉൾപ്പെടുത്താൻ വ്യാജരേഖകൾ സൃഷ്ടിച്ചു, കുറ്റാരോപിതനെ സ്വാധീനിച്ച് കൃത്രിമ തെളിവുകളുണ്ടാക്കി എന്നീ കണ്ടെത്തലുകളാണ് ജയനെതിരെയുള്ളത്. ചെടി നട്ട അജേഷ് ബാലകൃഷ്ണന്റെ മൊഴി മൊബൈൽ ഫോണിൽ ചിത്രീകരിച്ചശേഷം അയാളിൽനിന്ന് വെള്ളപ്പേപ്പറിൽ അത് എഴുതി ഒപ്പിട്ട് വാങ്ങി. അജേഷിന്റെ മൊഴി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 12നാണ് വനംവകുപ്പ് ഓഫിസിന്റെ പിൻവശത്തെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ പിറകിലായി കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇത് പിന്നീട് നശിപ്പിച്ചു. തുടർപരിശോധനയിൽ സ്റ്റേഷനുസമീപത്തെ തോടിനരികിൽനിന്ന് വീണ്ടും ചെടികൾ കണ്ടെത്തി. ഇതും പിഴുതു കളയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.