ഉദ്യോഗസ്ഥന് സസ്പെൻഷൻ; വനംമന്ത്രി ഓഫിസിൽ ഭിന്നത രൂക്ഷം
text_fieldsഎ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: വനംവകുപ്പിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫിസിൽ ഭിന്നത രൂക്ഷം. വനംവകുപ്പിന്റെ തീരുമാനം മറികടന്ന് ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ വി.എസ്. രഞ്ജിത്തിനെ മന്ത്രിയുടെ ഓഫിസ് ഇടപെട്ട് സസ്പെൻഡ് ചെയ്തതോടെയാണ് ഭിന്നത മറനീക്കിയത്. ഇതിനെതിരെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും റേഞ്ച് ഓഫിസർമാരും ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും സമീപിക്കാനാണ് നീക്കം.
ഇതിനിടെ, വിയോജിപ്പ് പരസ്യമാക്കി മന്ത്രിയുടെ ഓഫിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ രാജിസന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലുള്ള പരുത്തിപ്പള്ളി, കല്ലാർ റേഞ്ച് ഓഫിസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ വി.എസ്. രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിലിരിക്കുന്ന കേസിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബീറ്റ് ഫോറസ്റ്റ് ഓഫിസറായ ഉദ്യോഗസ്ഥ വനിത കമീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഓഫിസ് നേരിട്ടിടപെട്ട് സസ്പെൻഷൻ നടത്തിയത്.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെ മനഃപൂർവം കേസിൽ കുടുക്കുന്നതിന് വനിത കമീഷനിൽ പരാതി നൽകിയതാണെന്നാണ് വനംവകുപ്പിന്റെ വാദം. ഈ സാഹചര്യത്തിൽ സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കരുതെന്നും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മറികടന്ന് റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്തതോടെയാണ് വലിയ വിവാദത്തിലേക്ക് കാര്യങ്ങളെത്തിയത്. വനംവകുപ്പിന്റെ നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത് മന്ത്രി ഓഫിസിലെ ചിലരുടെ സമ്മർദത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്. ഇതിനെതിരേ വകുപ്പിലെ ഉദ്യോഗസ്ഥരും റേഞ്ച് ഓഫിസർമാരുടെ സംഘടനയും രംഗത്തെത്തി.
ഇതോടെയാണ് മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ രാജിസന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് മന്ത്രി ശശീന്ദ്രന് ഉദ്യോഗസ്ഥൻ കൈമാറിയതായും സൂചനയുണ്ട്. ഈ വിഷയത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.