ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശനെയാണ് വ്യാജക്കേസ് ചമയ്ക്കാൻ കൂട്ടുനിന്നതിന് എക്‌സൈസ് കമീഷണർ സസ്‌പെൻഡ് ചെയ്തത്.
കേസിന്‍റെ ഭാഗമായി മയക്കുമരുന്നെന്ന പേരിൽ പിടിച്ചെടുത്തവ എൽ.എസ്.ഡി സ്റ്റാമ്പ് അല്ലെന്ന് കാക്കനാട് റീജനൽ എക്സാമിനേഴ്‌സ് ലബോറട്ടറിയിൽ നടന്ന രാസപരിശോധനയിൽ വ്യക്തമായിരുന്നു. തെളിവായി ശേഖരിച്ച മയക്കുമരുന്നിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഇൻസ്‌പെക്ടർ സതീശൻ കൃത്യമായി മറുപടി നൽകാത്തത് സംശയാസ്പദമാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് ജോയന്‍റ് എക്‌സൈസ് കമീഷണറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യവുമായി ചേർത്ത് പരിശോധിച്ചതിൽനിന്ന് മഹസ്സറിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും കേസ് കൈകാര്യം ചെയ്തതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും കെ. സതീശൻ കൃത്യവിലോപം നടത്തിയെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താനും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനുമാണ് എക്‌സൈസ് കമീഷണർ മഹിപാൽ യാദവ് ഉത്തരവിട്ടത്.
വ്യാജക്കേസിൽപെട്ട ഷീല 72 ദിവസമാണ് ജയിൽവാസം അനുഭവിച്ചത്. അതേസമയം, ചെയ്യാത്ത തെറ്റിന്‍റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഷീലാ സണ്ണിയോട് ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കും. ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പേജിൽ അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.