എം.പിമാരുടെ സസ്‌പെന്‍ഷന്‍: എസ്.ഡി.പി.ഐ ഏജീസ് ഓഫിസ് മാര്‍ച്ച് നാളെ
text_fieldsതിരുവനന്തപുരം: 141 എംപിമാരെ സസ്‌പെൻഡ് ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബി.ജെ.പി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ബുധനാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ അറിയിച്ചു.
ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റിനുള്ളില്‍ പുകബോംബ് ആക്രമണം നടത്തിയതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനാണ് എം.പിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഒപ്പിട്ടു നല്‍കിയ സന്ദര്‍ശന പാസ് ഉപയോഗിച്ചാണ് പ്രതികള്‍ പാര്‍ലമെന്‍റിനുള്ളില്‍ കടന്നത്. പ്രതിപക്ഷ എം.പിമാരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഭരണകൂടം പ്രതികള്‍ സുരക്ഷാവലയം ഭേദിച്ച് എങ്ങിനെ കയറിയെന്ന് വിശദീകരിച്ചിട്ടില്ല.
അതേസമയം പാര്‍ലമെന്‍റില്‍ നടന്ന അതിക്രമം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുകയാണ്. രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന ബില്ലുകളാണ് പ്രതിപക്ഷ എം.പിമാരുടെ അഭാവത്തില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാര്‍ത്താ വിതരണ മേഖലയെ നിശബ്ദമാക്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍സ് ബില്‍, ക്രിമിനല്‍ ചട്ടം ഭേദഗതി ബില്‍ തുടങ്ങിയ ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കുന്നതിനുള്ള അടവുനയമാണോ ഇതെന്ന് പൗരസമൂഹം ആശങ്കപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരേ ശക്തമായ സമരത്തിന് ജനങ്ങള്‍ തയ്യാറാവണമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.