എൻ.ഐ.ടി വിദ്യാർഥിയുടെ സസ്പെൻഷൻ മരവിപ്പിച്ചു
text_fieldsചാത്തമംഗലം (കോഴിക്കോട്): എൻ.ഐ.ടിയിൽ സംഘ്‍പരിവാറിന്റെ കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയുടെ സസ്പെൻഷൻ താൽക്കാലികമായി മരവിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയത്.
നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെയാണ് ബുധനാഴ്ച സസ്പെൻഡ് ചെയ്തത്. വൈശാഖ് സമർപ്പിച്ച അപ്പീലിൽ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ സസ്പെൻഷൻ നിർത്തിവെച്ചെന്നാണ് സർക്കുലറിൽ പറയുന്നത്. അതേസമയം, ഡയറക്ടർ ചൊവ്വാഴ്ച സ്ഥലത്തെത്തുന്നതുവരെയാണ് നടപടി മരവിപ്പിച്ചതെന്നാണ് വിവരം. ഡയറക്ടറെത്തിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജനുവരി 22ന് സംഘ് പരിവാർ അനുകൂല സംഘടനയായ എസ്.എൻ.എസിന്റെ നേതൃത്വത്തിൽ കാമ്പസിൽ കാവി നിറത്തിൽ വികലമാക്കി ഭൂപടം വരച്ച് പ്രദർശിപ്പിച്ചതിനെതിരെയാണ് വൈശാഖ് പ്രതിഷേധിച്ചത്.
എസ്.എൻ.എസ് വിദ്യാർഥികൾ വൈശാഖിനെ മർദിച്ചതോടെ കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഭൂപടം വികലമായി വരക്കുകയും പ്രതിഷേധിച്ച വിദ്യാർഥികളെ മർദിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഘ്പരിവാർ അനുകൂല വിദ്യാർഥികൾക്കെതിരെ നടപടിയൊന്നുമില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജനുവരി 22ന് കാമ്പസിൽ നടന്ന അനിഷ്ട സംഭവങ്ങളെതുടർന്ന് സമുദായിക അസ്വസ്ഥതക്കും സ്ഥാപനത്തിന്റെ സൽപേര് കളങ്കപ്പെടാനും വൈശാഖ് ഇടയാക്കിയെന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. സസ്പെൻഷൻ കാലയളവിൽ കാമ്പസിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതും വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.