വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുന:സ്ഥാപിച്ചു
text_fieldsകൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ഇവരുടെ സസ്പെൻഷൻ പുന:സ്ഥാപിച്ചുകൊണ്ട് ഡീൻ ഉത്തരവിട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി. വിദ്യാർഥികൾ നാളെമുതല്‍ ഏഴ് പ്രവൃത്തിദിനം വീണ്ടും സസ്‌പെന്‍ഷന്‍ നേരിടണം. ഇവരോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് 33 വിദ്യാർഥികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാർഥികളും രണ്ട് സീനിയര്‍ വിദ്യാർഥികളും ഉള്‍പ്പെടും. നടപടി കാലാവധി പൂര്‍ത്തിയായതോടെ ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സസ്‌പെന്‍ഷന്‍ വി.സി പിന്‍വലിക്കുകയായിരുന്നു.
എന്നാൽ, വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിക്കുകയായിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ രാജിവെക്കുകയും ചെയ്തു. ഇദ്ദേഹം ഗവർണർക്ക് ഇന്നലെ രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കുറ്റക്കാരല്ലെന്ന് കാണിച്ച് അപ്പീല്‍ നല്‍കിയ 33 വിദ്യാര്‍ഥികളുടെ ശിക്ഷ മാത്രമാണ് റദ്ദാക്കിയതെന്ന് വി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.