അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം; സസ്പെൻഷൻ നിർഭാഗ്യകരമെന്നും കെ.ജി.എം.സി.ടി.എ
text_fieldsതിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോ. (കെ.ജി.എം.സി.ടി.എ). ആറാംവിരൽ നീക്കം ചെയ്യാനെത്തിയ കുട്ടിയിൽ നാക്കിനടിയിലായി കെട്ട് ശ്രദ്ധയിൽപെട്ടു. തുടർന്നാണ് പ്രഥമ പരിഗണന നൽകി നാവിന്‍റെ കെട്ട് നീക്കംചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
കുട്ടിയുടെ മാതാപിതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നു. ശേഷം, ആറാം വിരലിന്‍റെ ശസ്ത്രക്രിയ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും ചെയ്തു. ഇതല്ലാതെ നാക്കിന്‍റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. വസ്തുതകൾ അന്വേഷിക്കാതെയും ധിറുതി പിടിച്ചും നടത്തിയ ഡോക്ടർക്കെതിരെയുള്ള സസ്പെൻഷൻ നിർഭാഗ്യകരമാണെന്നും കെ.ജി.എം.സി.ടി.എ അഭിപ്രായപ്പെട്ടു.
അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൈവിരലിന്‍റെ ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. പിഴവ് സംഭവിച്ചതിൽ ഡോക്ടർമാർ മാപ്പുപറഞ്ഞെന്ന് കുടുംബം അറിയിച്ചു. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ആറാംവിരൽ നീക്കം ചെയ്തു. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.