കൊച്ചി മയക്കുമരുന്ന് കേസിൽ അട്ടിമറി സംശയം; രണ്ടുപേരെ എക്സൈസ് വിട്ടയച്ചത് ഉന്നത സ്വാധീനത്തിന് വഴങ്ങിയെന്ന് ആക്ഷേപം
text_fieldsകൊച്ചി: കാക്കനാട്ടുനിന്ന് മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികൾ ഉൾപ്പെടെ ഏഴുപേരെ പിടികൂടിയ സംഭവത്തിൽ എക്സൈസ് കേസ് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. കസ്റ്റംസ് കമീഷണറേറ്റ് പ്രിവൻറിവ് യൂനിറ്റ്, സംസ്ഥാന എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് എന്നിവ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ബുധനാഴ്ച സംഘം പിടിയിലായത്. ഒരുകിലോയിലേറെ ലഹരിമരുന്ന് പിടികൂടിയിട്ടും 84 ഗ്രാം എന്ന് രേഖപ്പെടുത്തി അഞ്ചുപേരിലേക്ക് കേസ് ഒതുക്കി യുവതിയെ അടക്കം രണ്ടുപേരെ ഒഴിവാക്കിയാണ് കോടതിയിൽ എത്തിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദത്താലാണ് അട്ടിമറിയെന്നാണ് ആക്ഷേപം.ചെന്നൈയിൽനിന്ന് ആഡംബര കാറിൽ കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിക്കുന്ന വിധം സ്ത്രീകളും വിദേശയിനം നായ്ക്കളുമായാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിയത്. ഇൻറലിജൻസ് വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം എം.ഡി.എം.എ പിടികൂടിയെന്നാണ് കസ്റ്റംസ് വാർത്തക്കുറിപ്പിൽ അറിയിച്ചത്. പിടിയിലായ ഏഴുപേരുടെ ഫോട്ടോയടക്കമായിരുന്നു വാർത്തക്കുറിപ്പ്. മൂന്ന് നായ്ക്കളെയും കസ്റ്റഡിയിൽ എടുത്തിരുന്നു.
കാക്കനാട് വാഴക്കാല മേലേപ്പാടം റോഡിൽ മർഹബ അപ്പാർട്മെൻറിൽനിന്ന് 84 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേരെ പിടികൂടിയെന്നാണ് പിന്നീട് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് അറിയിച്ചത്. ഇതുപ്രകാരം കോടതിയിൽ ഹാജരാക്കിയത് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെയാണ്.
സംഭവത്തിൽ പങ്കില്ലെന്നുകണ്ട് യുവതിയെയും യുവാവിനെയും വിട്ടയെച്ചന്ന് എക്സൈസ് പിന്നീട് വിശദീകരിച്ചു. എന്നാൽ, അതേ ഫ്ലാറ്റിൽനിന്ന് രണ്ടാമത് പിടികൂടിയ 1.115 കിലോ എം.ഡി.എം.എ രണ്ട് യുവതികളും ചേർന്നാണ് ഒളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. കൈകളിൽ ബാഗുമായി ഒളിപ്പിക്കാൻ നടത്തുന്ന ശ്രമം ഫ്ലാറ്റിെൻറ സി.സി ടി.വിയിലാണ് പതിഞ്ഞിരുന്നത്. ഒപ്പം ഫ്ലാറ്റിൽനിന്ന് മാൻ കൊമ്പും പിടികൂടിയിട്ടുണ്ടെന്നും അതും രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുയർന്നു. പ്രതികളിൽനിന്ന് പിടികൂടിയ നായ്ക്കളെ വിട്ടുകൊടുത്തതും ആക്ഷേപത്തിന് ഇടയാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോറാഴയിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടിമറി ആക്ഷേപത്തിൽ അന്വേഷണം പൂർത്തിയായി; റിപ്പോർട്ട് മന്ത്രിക്ക്
കൊച്ചി: എം.ഡി.എം.എ പിടികൂടിയ കേസിൽ അട്ടിമറി സംഭവിച്ചെന്ന ആക്ഷേപത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി. അഡീഷനൽ എക്സൈസ് കമീഷണർ (എൻഫോഴ്സ്മെൻറ്) എ. അബ്ദുൽ റാഷിയാണ് എറണാകുളത്തെത്തി അന്വേഷണം നടത്തിയത്. കേസിൽ മഹസർ തയാറാക്കിയ ഉദ്യോഗസ്ഥെൻറ മൊഴിയെടുത്തു. മയക്കുമരുന്ന് പിടികൂടിയ എക്സൈസ് സംഘത്തിൽ ഉള്ളവരുമായി സംസാരിച്ചിട്ടുണ്ട്.
കേസിലെ അട്ടിമറിയാണ് അന്വേഷിക്കുന്നതെന്ന് മാധ്യമങ്ങളോട് എ. അബ്ദുൽ റാഷി പ്രതികരിച്ചു. അട്ടിമറിയിൽ ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കുന്നുണ്ട്. റിപ്പോർട്ട് വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നും അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, എം.ഡി.എം.എ പിടികൂടിയ കേസ് അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടരന്വേഷണത്തിൽ കൂടുതൽ പേർ കേസിൽ പിടിയിലാകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇതുവരെ കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു.
പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് പിടികൂടിയ മാൻ കൊമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ എക്സൈസ് ഓഫിസിൽ എത്തി കസ്റ്റഡിയിലെടുത്തു. എക്സൈസ് ആദ്യം തയാറാക്കിയ മഹസറിൽ ഈ മാൻ കൊമ്പിനെപ്പറ്റി സൂചിപ്പിച്ചിരുന്നില്ല. ഇതിനാൽ കൊമ്പ് ഏറ്റെടുക്കാൻ വനംവകുപ്പ് വിസമ്മതിച്ചിരുന്നു.
പിന്നീട് രേഖകളിൽ ഉൾപ്പെടുത്തിയപ്പോഴാണ് വനം വകുപ്പ് ഏറ്റെടുത്തത്. ഫ്ലാറ്റിലെ ചുവരിൽ പെയിൻറടിച്ച് തൂക്കിയിട്ട നിലയിലായിരുന്നു മാൻ കൊെമ്പന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.