സ്വർണക്കടത്ത്,കവർച്ച, അപകടമരണം; സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി സംശയം
text_fieldsകോഴിക്കോട്/കരിപ്പൂർ: രാമനാട്ടുകരയിൽ അപകടത്തിൽ മരിച്ച സംഘം ചെർപ്പുളശ്ശേരിയിൽനിന്ന് കരിപ്പൂരിൽ എത്തിയിരുന്നത് സ്വർണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാെണന്ന് സംശയം. രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവർ ഉള്‍പ്പെടെ ചെർപ്പുളശ്ശേരി സംഘം സ്വർണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും കരുതുന്നു. കൊടുവള്ളി, താമരശ്ശേരി മേഖല കേന്ദ്രീകരിച്ച് എത്തിയ സ്വര്‍ണമാണ് ചെർപ്പുളശ്ശേരി സംഘത്തിെൻറ അകമ്പടിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി സംശയിക്കുന്നത്. സ്വര്‍ണം കൊണ്ടുപോയത് മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരം ലോറിയിലാണെന്നും സൂചനയുണ്ട്.
സാഹചര്യത്തെളിവുകളും മറ്റും അടിസ്ഥാനമാക്കിയാണ് ഈ നിലക്കും അന്വേഷണം നടത്തുന്നത്. അതേസമയം, ഇത് പൊലീസ് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ നുഅ്മാൻ ജങ്ഷനിലുണ്ടായ സംഘർഷവും രാമനാട്ടുകര ജങ്ഷൻ വരെയുള്ള യാത്രക്കിെടയുണ്ടായ സംഭവത്തിലും വ്യക്തത വരാനുണ്ട്. അപകടത്തില്‍പെട്ട ബൊലേറോ ജീപ്പിനുള്ളില്‍ ഗള്ഫില്നിന്നെത്തിച്ച ചില വസ്തുക്കളും മദ്യക്കുപ്പിയും മിക്സ്ചറും കണ്ടെത്തിയിരുന്നു.
സ്വര്‍ണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് മടങ്ങുന്ന സംഘമാണെങ്കില്‍ വിദേശത്തുനിന്നെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ ഉൾപ്പെടെ എങ്ങനെ വാഹനത്തിനകത്ത് എത്തിയെന്ന ചോദ്യമാണുയരുന്നത്. ഇതോടെ കള്ളക്കടത്ത് സ്വര്‍ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് മടങ്ങിവരവേയാണ് അപകടം നടന്നതെന്ന സംശയം ബലപ്പെട്ടത്. ഏൽപിച്ച ജോലി പൂർത്തിയായതിെൻറ ആഘോഷമാവും മദ്യമെന്നാണ് കരുതുന്നത്. അതേസമയം, തിങ്കളാഴ്ച കരിപ്പൂരിൽ 2.33 കിലോഗ്രാം സ്വര്‍ണവുമായി പിടിയിലായ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ എത്തിച്ച സ്വർണം ഈ സംഘത്തിനുള്ളതായിരുന്നോ എന്നതിലടക്കം വ്യക്തത വരൂ എന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരുവാഹനത്തിലുള്ള അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. രണ്ട് വാഹനങ്ങളിലായുണ്ടായിരുന്ന എട്ടുപേർ അറസ്റ്റിലായി. രണ്ടുപേർ രക്ഷപ്പെട്ടു. ഇവർക്കായി അേന്വഷണം ശക്തമാക്കി.സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും സംശയിക്കുന്നുണ്ട്. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന.
പൊലീസ് പറയുന്നതിലും പൊരുത്തക്കേട്; ദുരൂഹത ഒഴിയുന്നില്ല
കരിപ്പൂർ: രാമനാട്ടുകര അപകടത്തിേന്റയും തുടർ സംഭവങ്ങളുടെയും ദുരൂഹത വിട്ടൊഴിയുന്നില്ല. കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷ ഒരുക്കാനെത്തിയ സംഘമാണ് ചെർപ്പുളശ്ശേരിയിൽനിന്ന് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ഇവർക്കെതിരായ കേസ് സ്വർണം കവർച്ച നടത്താൻ ശ്രമിച്ചതിനാണ്. സുരക്ഷ നൽകാനെത്തിയ സംഘം തന്നെ കവർച്ചശ്രമം നടത്തിയെന്നതിലെ വൈരുധ്യമാണ് ചർച്ചയാകുന്നത്. ഇവർ നേരേത്തയും സമാനരീതിയിൽ സ്വർണം തട്ടിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കരിപ്പൂരിൽ 1.11 കോടിയുടെ സ്വർണം പിടിച്ചിരുന്നു. ഈ സ്വർണത്തിന് വേണ്ടിയാണ് സംഘം എത്തിയതെന്നാണ് പൊലീസ് നിലപാട്. അതിനിെട, പിടികൂടിയ സ്വർണത്തിന് പുറമെ അധികൃതരെ കണ്ണുവെട്ടിച്ച് മറ്റൊരു കാരിയർ സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചതായും സംശയമുണ്ട്. ഈ സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിയതായാണ് വിവരം. ഇത് തട്ടാനും സംഘങ്ങൾ എത്തിയതായി സംശയമുണ്ട്.
ചെർപ്പുളശ്ശേരി സംഘവും മറ്റൊരു സംഘവുമായി വിമാനത്താവളത്തിന് സമീപം നുഅ്മാൻ ജങ്ഷനിൽ നേരിയ സംഘർഷവും നടന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്. രാമനാട്ടുകര ഭാഗത്തേക്ക് പോയ ബൊേലറോ വാഹനം മിനിറ്റുകൾക്കുള്ളിലാണ് കൊണ്ടോട്ടി ഭാഗത്തേക്ക് മടങ്ങിയത്. ഇവർ തിരിച്ചുവരാനുള്ള കാരണമാണ് വ്യക്തമാകാനുള്ളത്. ഈ വാഹനത്തിെൻറ പിറകെ മറ്റൊരു വാഹനവുമുണ്ടായിരുന്നതായി പറയുന്നു.
അന്വേഷണത്തിന് പ്രത്യേക സംഘം അന്വേഷണവുമായി വിജിലൻസും
കരിപ്പൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി. രാമനാട്ടുകരയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് കവർച്ച ശ്രമത്തിന് കേസ് രജിസ്റ്റർ െചയ്തത്. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിെൻറ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിനായിരിക്കും അന്വേഷണ ചുമതല. കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, എസ്.പിക്ക് കീഴിലുള്ള പ്രത്യേകാന്വേഷണ സംഘാംഗങ്ങൾ എന്നിവരെയും ഉൾപ്പെടുത്തി. കൂടാതെ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണവും സമാന്തരമായി നടക്കുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് ഫറോക്ക് അസി. കമീഷണറാണ് അന്വേഷിക്കുന്നത്. സ്വർണക്കടത്തും അനുബന്ധ സംഭവങ്ങളുമാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി അന്വേഷിക്കുക.
കരിപ്പൂരിൽ കർശന പരിശോധന
കരിപ്പൂർ: സ്വർണക്കടത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവള പരിസരത്ത് റോഡിൽ കർശന പരിശോധന നടത്തുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ്. നുഅ്മാൻ ജങ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന നടത്താനാണ് തീരുമാനം. ഇവിടെ എത്തുന്നവർ പൊലീസിനെ കൃത്യമായ കാര്യങ്ങൾ ബോധിപ്പിക്കണം. നുഅ്മാൻ ജങ്ഷൻ മുതൽ വിമാനത്താവള പ്രവേശന കവാടം വരെ അനധികൃത പാർക്കിങ് അനുവദിക്കില്ല. പോക്കറ്റ് റോഡുകളെല്ലാം പൊലീസ് അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.