കൺട്രോൾ റൂം എ.സി.പി ബി.ജെ.പി ബൂത്ത് ഏജന്റായെന്ന് സ്വാമി സന്ദീപാനന്ദഗിരി; ‘ഇത്തരം ആളുകളാണ് നാടിന്റെ ശാപം’
text_fieldsതിരുവനന്തപുരം: സാളഗ്രാമം ആശ്രമം ആർ.എസ്.എസ്സുകാർ കത്തിച്ചപ്പോൾ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കൺട്രോൾ റൂം എ.സി.പി ബി.ജെ.പി ബൂത്ത് ഏജന്റായിരിക്കുന്ന ഫോട്ടോ സഹിതം ആശങ്കകൾ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിക്കുന്ന സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കൺട്രോൾ റൂം വാഹനം അന്നും ഇന്നും ദുരൂഹത വർദ്ധിപ്പിക്കുകയാണെന്നും ഇത്തരം ആളുകളാണ് നാടിന്റെ ശാപമെന്നും സന്ദീപാനന്ദഗിരി ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ പറയുന്നു.
കുറിപ്പ് പൂർണരൂപത്തിൽ:
തിരുവനന്തപുരം കുണ്ടമൻ ഭാഗം സാളഗ്രാമം ആശ്രമം ആർ.എസ് .എസ്സുകാർ രാത്രിയുടെ മറവിൽ കത്തിച്ചപ്പോൾ ആ കേസ് അന്വേഷിച്ച ടീമിലെ പ്രധാനിയായ കൺട്രോൾ റൂം A C P രാജേഷാണ് BJP ബൂത്ത് ഏജന്റായി ഈ ഇരിപ്പ് ഇരിക്കുന്നത്.! സംഭവം നടന്ന് ഏതാനും ദിവങ്ങൾക്കുള്ളിൽ പ്രതികളെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ സ്വാമി സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചത് എന്ന നുണ പ്രചരണത്തിന് മുന്നിൽ നിന്നതും “ടിയാൻ “തന്നെയാണ് !
നാലരവർഷം വേണ്ടിവന്നു ബിജെപി കൌൺസിലർ ഗിരികുമാറുൾപ്പടെ പ്രതികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ. നേരത്തെ അറസ്റ്റ് നടന്നിരുന്നുവെങ്കിൽ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.
പിന്നീട് വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു സംഭവം നടക്കുന്ന ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ആശ്രമ പരിസരത്ത് കണ്ട കൺട്രോൾ റൂം വാഹനം അന്നും ഇന്നും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇത്തരം ആളുകളാണ് നാടിന്റെ ശാപം…
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.