എന്നെ ചൂഷണം ചെയ്തു, അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം -സ്വപ്ന
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്ത്. ശിവശങ്കറിന്‍റെ പുസ്തകത്തിൽ തനിക്കെതിരെ പറഞ്ഞ കാര‍്യങ്ങൾ പൂർണമായും വാസ്തവവിരുദ്ധമാണ്. തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യും വിധം പരാമർശമുണ്ടെങ്കിൽ മോശമാണ്. സ്പേസ് പാർക്കിൽ താൻ ജോലി തേടിയത് ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്നും കോൺസുലേറ്റിൽ നടന്ന അനധികൃത ഇടപാടുകൾ ശിവശങ്കറിന് വ‍്യക്തമായി അറിയാമായിരുന്നെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ ഡിഗ്രി കണ്ടിട്ടല്ല, കഴിവ് കണ്ടിട്ടാണ് ജോലി തന്നത്. വ‍്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. തന്‍റെ ബയോഡേറ്റ മാറ്റി എഴുതിയത് ശിവശങ്കറാണ്. ലൈഫ് മിഷൻ പ്രോജക്റ്റിൽ ഒരു ഐഫോൺ നൽകി ഒരാളെ ചതിക്കുകയെന്നത് തന്‍റെ ലക്ഷ‍്യമല്ല. ശിവശങ്കറിന് ഐ ഫോൺ മാത്രമല്ല, പലപ്പോഴായി ഒരുപാട് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ശിവശങ്കറിന്‍റെ നിർദേശമനുസരിച്ചാണ് കഴിഞ്ഞ മൂന്നു വർഷത്തോളം ജീവിച്ചത്. ശിവശങ്കർ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്‍റെ നിർദേശ പ്രകാരമായിരുന്നു. കോൺസുലേറ്റിൽനിന്ന് മാറാൻ നിർദേശിച്ചത് ശിവശങ്കറായിരുന്നു. അവിടത്തെ ജോലി സുരക്ഷിതമല്ല, മറ്റ് ജോലി നോക്കാമെന്ന് ശിവശങ്കർ പറഞ്ഞു.
താൻ ചതിച്ചെന്ന ശിവശങ്കറിന്‍റെ വാദം ശരിയല്ല. ശിവശങ്കർ തന്നെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. തനിക്കറിയാവുന്ന കാര‍്യങ്ങൾ പലതും ആരോടും പറഞ്ഞിട്ടില്ലെന്നും ശിവശങ്കർ പറയുന്നത് കേട്ടാണ് മുന്നോട്ട് പോയതെന്നും അവർ പറഞ്ഞു. സർക്കാർ കാര‍്യങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ല. ശിവശങ്കറിനെ കുറിച്ച് എഴുതേണ്ടിവന്നാൽ തനിക്കും ശിവശങ്കറിനെ കുറിച്ച് ഒരുപാട് എഴുതാനുണ്ട്. അതിലൂടെ ഒരുപാട് രഹസ‍്യങ്ങൾ പുറത്തേക്കുവരും. ബെസ്റ്റ് സെല്ലറാകും. ആരെയും ചെളിവാരിയെറിയാൻ താൽപര്യം തനിക്കില്ല.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ വിഴുപ്പും തന്‍റെ തലക്ക് മാത്രം കെട്ടിവെക്കുകയായിരുന്നു. ശിവശങ്കറിന്‍റെ പുസ്തകം വായിച്ച ശേഷം തനിക്കെതിരായ പരാമർശമുണ്ടെങ്കിൽ പ്രതികരിക്കുമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കർ മാത്രമാണ് ശരിയെന്ന് പറയാൻ നല്ല തൊലിക്കട്ടി വേണം. എല്ലാം തന്‍റെ തലയിൽ കെട്ടിവെച്ച് വൃത്തികെട്ട സ്ത്രീയാക്കി ചിത്രീകരിച്ചു. സ്വപ്ന സുരേഷ് എന്ന സ്ത്രീ വന്നപ്പോൾ തീവ്രവാദമായി. ഇതിനു ശേഷവും സ്വർണം വന്നല്ലോ. അവിടെ നിന്ന് സ്വർണം കൊണ്ടു വരാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ താൻ ഇപ്പോഴും വാടക വീട്ടിൽ കിടക്കുമോയെന്നും സ്വപ്ന ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.