അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്ന് സ്വപ്ന
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് സ്വപ്ന സുരേഷിൻെറ അഭിഭാഷകൻ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കീഴടങ്ങാൻ തടസ്സമില്ലെന്നും അറിയിച്ചു. ബുധനാഴ്ച രാത്രി സ്വപ്ന സുരേഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന സുരേഷ് ഹരജിയിൽ പറയുന്നു. സ്വപ്ന പ്രഭ സുരേഷ് എന്ന പേരിൽ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
കസ്റ്റംസ്, കേന്ദ്രസർക്കാർ തുടങ്ങിയവരെ കക്ഷി ചേർത്ത് നൽകിയ ഹരജിയിൽ തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്ന ഹരജിൽ പറയുന്നു.
സ്വർണക്കടത്തിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്ന ഒളിവിൽ പോയതെന്ന സംശയം ശക്തമാണ്. ഇവരുടെ രണ്ടാം ഭർത്താവും ഒളിവിലാണെന്നാണ് വിവരം. ഞായറാഴ്ചയാണ് സ്വർണം കണ്ടെത്തിയതെങ്കിലും ശനിയാഴ്ച തന്നെ ഇവർ ഫ്ലാറ്റിൽ നിന്ന് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.
കഴിഞ്ഞദിവസം സ്വപ്നയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പെൻഡ്രൈവുകളും ലാപ്ടോപ്പും രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ചുവരുകയാണ്. അതേസമയം, സംഭവത്തിൽ അറസ്റ്റിലായ സരിത്ത് സ്വപ്നയുടെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് മൊഴിയൊന്നും നൽകിയിട്ടില്ല. മാത്രമല്ല, സ്വപ്നയെ സംരക്ഷിക്കുന്ന രീതിയിലാണ് ഇദ്ദേഹത്തിൻെറ മൊഴികളെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്താണ് കസ്റ്റംസിന് നൽകിയിട്ടുള്ളത്. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. കൂടാതെ കസ്റ്റംസിൻെറ അടുത്ത് സ്വപ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.